IndiaLatest

ട്രെയിന്‍ വൈകി; യാത്രക്കാരന് 60,000രൂപ നഷ്ടപരിഹാരം

“Manju”

ട്രെയിന്‍ വൈകിയത് മൂലം യാത്ര മുടങ്ങിയ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശിച്ചത്. 30 ദിവസത്തിനകം ദക്ഷിണ റെയില്‍വേ തുക കൈമാറണമെന്നും ഉത്തരവില്‍ നിര്‍ദേശം.

ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജറായ കാര്‍ത്തിക് മോഹനാണ് പരാതിക്കാരന്‍. ചെന്നൈയില്‍ നടന്ന കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈ – ആലപ്പി എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ 13 മണിക്കൂര്‍ വെകിയാണ് ഓടുന്നതെന്ന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കാര്‍ത്തിക് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്. പരാതിക്കാരന്‍ യാത്രയുടെ ഉദ്ദേശം മുന്‍കൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ്, കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്ന വിചിത്ര വാദം ഉന്നയിച്ചാണ് പരാതിയെ റെയില്‍വേ പ്രതിരോധിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ റെയില്‍വേയുടെ വാദങ്ങളെ പൂര്‍ണമായും തള്ളിയ കമ്മിഷന്‍, ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് റെയില്‍വേ യാര്‍ഡ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് മൂലമാണ് ട്രെയിന്‍ വൈകിയത് എന്നും, ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കുന്നതിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിലും റെയില്‍വേ അധികൃതര്‍ പരാജയപ്പെട്ടതായി കണ്ടെത്തി.

റെയില്‍വേയുടേത് നിരുത്തരവാദപരമായ സമീപനമാണെന്നും പ്രതിബദ്ധത ഇല്ലായ്മയാണ് ഇതിന് കാരണം എന്നും വിലയിരുത്തിയാണ് നഷ്ടപരിഹാരം ഈടാക്കിയിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. അമ്പതിനായിരം രൂപ കാര്‍ത്തിക് മോഹനും പതിനായിരം രൂപ കോടതിയുടെ ചെലവിനത്തിലേക്കും കെട്ടിവെക്കാനുമാണ് നിര്‍ദേശം. ഈ മാസം 30 നകം റെയില്‍വേ തുക കൈമാറണം

Related Articles

Back to top button