KeralaLatestTravel

ഭര്‍ത്താവിന്റെ ഓ‍ര്‍മ്മയ്‌ക്ക് ആലപ്പുഴയില്‍ പ്രണയകുടീരം

“Manju”

​​ആലപ്പുഴ: ഭര്‍ത്താവിന്റെ വിയോഗം സൃഷ്ടിച്ച വേദന മറക്കാന്‍ ഭാര്യ ഒരുക്കിയ പ്രണയകുടീരമാണിത്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യമ്യൂസിയം. പ്രധാന കെട്ടിടവും അനുബന്ധസംവിധാനങ്ങളുമടകം 48,000 സ്ക്വയര്‍ ഫീറ്റാണ് രവി കരുണാകരന്‍ മെമ്മോറിയല്‍ മ്യൂസിയം. താജ്മഹലിനെ ഓര്‍മ്മിപ്പിക്കുന്ന ഈ ഇരുനില മ്യൂസിയത്തിന് അതിനോളം തന്നെ വലിപ്പം.
34,596 സ്ക്വയര്‍ഫീറ്റാണ് താജ്മഹലിന്റെ കെട്ടിടവലിപ്പം. പ്രമുഖ കയര്‍ വ്യവസായിയായിരുന്ന രവി കരുണാകരന്റെ സ്മരണാര്‍ത്ഥം ഭാര്യ കരണ്‍ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയര്‍പേഴ്സണ്‍ ബെറ്റി കരണ്‍ 2006ല്‍ ഒരുക്കിയതാണ് ആലപ്പുഴ നഗരഹൃദയത്തിലെ ഈ മ്യൂസിയം. കോടികള്‍ വിലമതിക്കുന്ന അപൂര്‍വശേഖരങ്ങളുണ്ടിവിടെ.


ആനക്കൊമ്പില്‍ തീര്‍ത്ത ശില്പങ്ങള്‍, 24 കാരറ്റ് സ്വര്‍ണത്തരികള്‍ ചേര്‍ത്തുണ്ടാക്കിയ ക്രിസ്റ്റല്‍ രൂപങ്ങള്‍, പ്രശസ്ത ബ്രാന്‍ഡുകളുടെ ലിമിറ്റഡ് എഡിഷന്‍ ശില്പങ്ങള്‍, വിക്ടോറിയന്‍ കാലഘട്ടങ്ങളിലെ വസ്തുക്കള്‍, അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ബ്യൂക്ക് സൂപ്പര്‍ കാര്‍ തുടങ്ങി വിസ്മയക്കാഴ്ചകളുടെ മായികലോകം.
18ാം വയസില്‍ രവി കരുണാകരന്റെ ഭാര്യയായതു മുതല്‍ ബെറ്റിക്ക് ‌വിദേശസഞ്ചാരം പതിവായി. എവിടെയായാലും ആദ്യം സന്ദര്‍ശിക്കുക മ്യൂസിയങ്ങളാണ്. 138 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഓരോ യാത്രയിലും തിരികെയെത്തുന്നത് വിശിഷ്ടവസ്തുക്കളുമായാണ്. തൊട്ടാല്‍ പൊടിയുന്ന പോഴ്സലൈന്‍ ശില്പങ്ങളടക്കം അതീവ ശ്രദ്ധയോടെയാണ് എത്തിച്ചത്. 2003ലായിരുന്നു രവിയുടെ വിയോഗം. മ്യൂസിയം ഒരുക്കാന്‍ മകള്‍ ലുല്ലുവും കൂടെനിന്നു. തിങ്കളാഴ്ച ഒഴികെ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാം.
മൂന്നു തലമുറകളുടെ ശേഖരം : യൂറോപ്യന്‍ കമ്ബനികളുടെ കുത്തകയായിരുന്ന കയര്‍ ഉത്പന്ന കയറ്റുമതിയില്‍ ആദ്യം കൈവച്ച ഇന്ത്യക്കാരനാണ് രവിയുടെ മുത്തച്ഛന്‍ കൃഷ്ണന്‍ മുതലാളി. അദ്ദേഹം ശേഖരിച്ച ആനക്കൊമ്ബ് ശില്പങ്ങളും തഞ്ചാവൂര്‍ പെയിന്റിംഗുകളും ഇവിടെയുണ്ട്.
കൃഷ്ണന്‍ മുതലാളിയുടെ മകന്‍ കെ.സി.കരുണാകരന്‍ യു.കെയിലെ ബെര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം വിവാഹം കഴിച്ചത് ജര്‍മ്മന്‍ സ്വദേശി മാര്‍ഗരറ്റിനെ. മാര്‍ഗരറ്റ് കേരളത്തിലേക്ക് വന്നത് വിലമതിക്കാനാവാത്ത ആഭരണങ്ങളും പുരാവസ്തുക്കളും വിവിധ കലാശില്പങ്ങളുമായാണ്. മാര്‍ഗരറ്റിന്റെ മരണത്തോടെ കരുണാകരന്‍ വിവാഹം ചെയ്ത ഡച്ച്‌ സ്വദേശി കെരീന ഹാക്ക്ഫ്രൂട്ടിന്റെ ശേഖരങ്ങളും ഇവിടെയുണ്ട്.
കതകില്ലാത്ത മുന്‍വാതില്‍ : ബെറ്റി വിവാഹം കഴിഞ്ഞെത്തിയത് മുന്‍വാതില്‍ ഇല്ലാത്ത ആലപ്പുഴയിലെ വീട്ടിലേക്കാണ്. വിശാലവും തുറസായതുമായ ഹാളാണ് മുന്‍വശം. ഇപ്പോഴും അവിടെ വാതില്‍ ഘടിപ്പിച്ചിട്ടില്ല. വിദേശ അതിഥികള്‍ക്കായി വീടിനുള്ളില്‍ ഒരുക്കിയിരുന്ന ബാര്‍ കൗണ്ടറുള്‍പ്പടെ അതേപടി നിലനിറുത്തിയിട്ടുണ്ട്.
”താജ്മഹല്‍ ഒരുക്കിയ ഷാജഹാന്റെ അതേ വികാരത്തോടെയാണ് ഞാനും രവി കരുണാകരന്‍ സ്മാരകമൊരുക്കിയത്. അദ്ദേഹത്തോടുള്ള പ്രണയം വാക്കുകള്‍ക്കതീതമാണ്.
-ബെറ്റി കരണ്‍

Related Articles

Back to top button