IndiaKeralaLatestThiruvananthapuram

ശബരിമല ദര്‍ശനം : വെര്‍ച്വല്‍ ക്യൂ സംവിധാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; കോറോണ നിയന്ത്രണങ്ങള്‍ ഉണ്ടാകും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : തുലാമാസ പൂജകളോടനുബന്ധിച്ച്‌ ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം ഇന്ന് മുതല്‍ പ്രവര്‍ത്തന ക്ഷമമാകും. വെര്‍ച്വല്‍ ക്യൂ രാവിലെ മുതല്‍ പ്രവര്‍ത്തന ക്ഷമമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. എന്നാല്‍ കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ദര്‍ശനം അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. 16 മുതല്‍ 21 വരെയാണ് തുലാമാസ പൂജ. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമാകും ഭക്തര്‍ക്ക് പ്രവേശനം നല്‍കുക. പമ്ബാ നദിയില്‍ കുളിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ല. ദര്‍ശനത്തിനായി ഭക്തര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കണം. കൂടാതെ നിലയ്ക്കലും ആന്റിജന്‍ ടെസ്റ്റ് ഉണ്ടാകും.

ഇടത്താവളങ്ങളിലും നിയന്ത്രണം തുലാമാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്നതിനൊപ്പം എരുമേലിയിലും കോട്ടയം ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലും കളക്ടര്‍ എം.അഞ്ജന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ മാസം 16 മുതല്‍ 20 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എരുമേലിയിലും ഇടത്താവളങ്ങളിലും വിരിവെയ്ക്കാന്‍ തീര്‍ത്ഥാടകരെ അനുവദിക്കില്ല. അഞ്ച് പേരില്‍ അധികമുള്ള പേട്ടതുള്ളല്‍, ഘോഷയാത്രകള്‍ നിരോധിച്ചു. വേഷങ്ങളും മറ്റും വാടകയ്ക്ക് എടുക്കാനും പാടില്ല. മണിമല, മീനച്ചില്‍ ആറുകള്‍, കുളിക്കടവുകള്‍, ജല സ്രോതസ്സുകള്‍ എന്നിവയില്‍ തീര്‍ത്ഥാടകര്‍ ഇറങ്ങരുത്. എരുമേലി വലിയ തോടിനു സമീപത്തുള്ള ഷവര്‍ ഒഴിവാക്കും. മണിമലയാറ്റിലേക്കാണ് ഈ വെള്ളം ഒഴുകിപ്പോകുന്നത്. ഈ ഷവറുകള്‍ മാറ്റി സ്ഥാപിക്കന്നതാണ്.

അതേസമയം തീര്‍ത്ഥാടകര്‍ക്കായി അന്നദാനം നടത്തുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യക്കാര്‍ക്ക് മാത്രം വാഴയിലയില്‍ നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ ശുചിമുറി ഉപയോഗവും കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ ആന്റിജന്‍ ടെസ്റ്റും നടത്തും.

Related Articles

Back to top button