IndiaLatest

കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കാൻ 10 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം

“Manju”

ഗാന്ധിനഗര്‍: കാര്‍ബണ്‍ രഹിത സമ്പദ് വ്യവസ്ഥ കെട്ടിയുയര്‍ത്തുന്നതില്‍ ഗുജാറാത്തിന് ഏറെ സംഭാവനകള്‍ നല്‍കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ബണ്‍ രഹിത വികസനത്തില്‍ ലോകത്തിന് മാതൃകയാണ് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തിന് സഹായകമാകുന്ന ഗ്രീൻ ബോണ്ടുകളും മറ്റ് ബോണ്ടുകളും ലോകത്തിനേറെ സംഭാവനകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗിഫ്റ്റ് സിറ്റിയുടെ വികസനത്തിലൂടെ പുത്തൻ സാമ്പത്തിക സേവനങ്ങളും സുസ്ഥിര വരുമാന സാധ്യതകളും വര്‍ദ്ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിനെ ആഗോള സുസ്ഥിര സാമ്പത്തിക കേന്ദ്രമാക്കി മാറ്റും. കാര്‍ബണ്‍ ബഹിര്‍ഗമനം 2070-ഓടെ പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിനായി 10 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് വിഭാവനം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരുന്ന ഇന്ത്യക്ക് ഊര്‍ജ്ജം പകരാനും ഇന്ത്യയെ സ്മാര്‍ട്ടാക്കി മാറ്റാനും സഹായിക്കുന്ന സാമ്പത്തിക സേവന കേന്ദ്രമാണ് ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാൻസ് ടെക്സിറ്റി (ഗിഫ്റ്റ് സിറ്റി). ഗാന്ധിനഗറിലാണ് ഗിഫ്റ്റ് സിറ്റി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഭാവി സുസ്ഥിര കാഴ്ചപ്പാടുകളെയും ലക്ഷ്യങ്ങളെയും സാധ്യമാക്കാൻ കഴിയുന്ന കേന്ദ്രമായാണ് ഗിഫ്റ്റ് സിറ്റിയെ കാണുന്നത്. കാര്‍ബണിന്റെ ബഹിര്‍ഗമനം കുറയ്‌ക്കാൻ വേണ്ട കാര്യങ്ങള്‍ ഗിഫ്റ്റ്സിറ്റിയിലൂടെ നടപ്പിലാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ആഗോള കാലാവസ്ഥ വ്യതിയാന പ്രകടന സൂചികയില്‍ ഇന്ത്യ നില മെച്ചപ്പെടുത്തിയതും ഇതിന് പ്രതീക്ഷ നല്‍കുന്നതാണ്. സിസിപിഐ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ നിലവില്‍ ഏഴാം സ്ഥാനത്താണ്. മുൻ വര്‍ഷങ്ങളെക്കാള്‍ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം രാജ്യത്ത് താരതമ്യേന കുറവാണെന്ന് കാലാവസ്ഥ വ്യതിയാന പ്രകടന സൂചികയില്‍ വ്യക്തമാക്കുന്നു. ഗിഫ്റ്റ് സിറ്റി വഴിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തെ ചെറുത്തുകൊണ്ടുള്ള വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രതീക്ഷയിലാണ്.

Related Articles

Back to top button