KeralaLatest

വിസ്മയക്കാഴ്ചയുമായി ഉല്‍ക്കാവര്‍ഷം

“Manju”

 

മസ്കത്ത്: ആകാശത്ത് വിസ്മയ ക്കാഴ്ചയുമായെത്തുന്ന ജെമിനിഡ് ഉല്‍ക്കാവര്‍ഷ പ്രതിഭാസം ഒമാനിലും ദൃശ്യമാകും. ബുധനാഴ്ച അര്‍ധരാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചയും ആയിരിക്കും ഇത് ഏറ്റവും കൂടുതല്‍ ഉച്ചസ്ഥായിയിലെത്തുക.

ജെമിനിഡ് എന്നറിയപ്പെടുന്ന ഉല്‍ക്കാവര്‍ഷത്തിന്റെ പതനമുള്‍പ്പെടെ നിരവധി ജ്യോതിശാസ്ത്ര സംഭവങ്ങള്‍ക്ക് ഡിസംബര്‍ മാസം സാക്ഷ്യം വഹിക്കുമെന്ന് ഒമാൻ അസ്ട്രോണമിക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാൻ ഇബ്രാഹിം ബിൻ മുഹമ്മദ് അല്‍ മഹ്റൂഖി ഒമാൻ വാര്‍ത്താ ഏജൻസിയോട് പറഞ്ഞു.

ചന്ദ്രപ്രകാശമില്ലെങ്കില്‍ എല്ലാ മണിക്കൂറുകളിലും ഉല്‍ക്കകളെ കാണാൻ സാധിക്കും. 2020ല്‍ ഒമാനി അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയിലെ അംഗങ്ങള്‍ 1,063 ഉല്‍ക്കകള്‍ നിരീക്ഷിച്ചിരുന്നു. അന്ന് പുലര്‍ച്ച ഒന്നിനും 1.59നും ഇടയിലായി മണിക്കൂറിനുള്ളില്‍ 227 ഉല്‍ക്കകള്‍ എത്തി. ഇപ്രാവശ്യവും സമാനമായി മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ എത്തുമെന്നാണ് കരുതുന്നത്.

ധൂമകേതുക്കളില്‍നിന്ന് വരുന്ന മറ്റ് ഉല്‍ക്കകളില്‍നിന്ന് വ്യത്യസ്തമായി 1982ല്‍ കണ്ടെത്തിയ ഫേഥോണ്‍ എന്നറിയപ്പെടുന്ന ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് ജെമിനിഡ് ഉല്‍ക്കാവര്‍ഷം ഉണ്ടാകുന്നതെന്ന് ഇബ്രാഹിം ബിൻ മുഹമ്മദ് അല്‍ മഹ്റൂഖി പറഞ്ഞു. എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴു മുതല്‍ 17 വരെ ഈ ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ എത്താറുണ്ട്. പ്രത്യേക നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാൻ കഴിയുന്ന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഇരുണ്ടസ്ഥലത്ത് നിരീക്ഷിക്കുന്നതായിരിക്കും ഏറ്റവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button