IndiaLatest

ഏറ്റവും നീളം കൂടിയ കടല്‍പ്പാലം അടല്‍ സേതു ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. മഹാരാഷ്ട്ര ഗവര്‍ണര്‍ രമേഷ് ബയാസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി പാലം ഉദ്ഘാടനം ചെയ്യും. അടല്‍ ബിഹാരി വാജ്‌പേയ് ട്രാൻസ്ഹാര്‍ബര്‍ ലിങ്ക് എന്നാണ് ഈ പാലം ഔദ്യോഗികമായി അറിയപ്പെടുക.

ഇന്ന് മഹാരാഷ്ട്ര സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.15ന് നാഷിക്കില്‍ 27-ാം ദേശീയ യുവജനമേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് മുംബൈയില്‍ അടല്‍ ബിഹാരി വാജ്പേയി സെവാരി – നവ ഷേവ അടല്‍സേതു ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പാലത്തിലൂടെ യാത്രയും ചെയ്യും. വൈകുന്നേരം 4.15നു നവി മുംബൈയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും.

2018 ല്‍ നിര്‍മാണം ആരംഭിച്ച പാലം പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാനാവുമെന്നായിരുന്നു വിലയിരുത്തല്‍ എന്നാല്‍ കോവിഡ് അടച്ചുപൂട്ടലുകളെ തുടര്‍ന്നാണ് നിര്‍മാണം വൈകിയത്. മൂന്ന് പതിറ്റാണ്ടിന്റെ സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. ലോകത്തിലെ ഏറ്റവും വലയി കടല്‍പ്പാലങ്ങളില്‍ 12 ാം സ്ഥാനമാണ് അടല്‍ സേതു കടല്‍പ്പാലത്തിന്റേത്. മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം 1990കളില്‍ ആലോചന തുടങ്ങിയ പദ്ധതി, 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്.

മുംബൈയില്‍ നിന്നും നവി മുംബൈയിലേക്കുള്ള ഗതാഗതം ഇനി കൂടുതല്‍ എളുപ്പമാകും. 21.8 കിലോമീറ്റര്‍ നീളമുള്ള കടല്‍പാലം ഒരു വര്‍ഷം നല്‍കുന്നത് 100 കോടിയോളം രൂപയുടെ ഇന്ധനലാഭമാണ്. പ്രതിവര്‍ഷം 10 ബില്യണ്‍ ലിറ്റര്‍ ഇന്ധനം ലാഭിക്കാം എന്നാണ് വിലയിരുത്തല്‍. മുംബൈയില്‍ നിന്നും നവി മുംബൈയിലേക്ക് കേവലം 20 മിനിറ്റ് കൊണ്ട് ആളുകള്‍ക്ക് യാത്ര ചെയ്ത് എത്താൻ സാധിക്കും. നേരത്തെ ഇതിനായി രണ്ടു മണിക്കൂര്‍ ആവശ്യമായിരുന്നു.

മുംബൈയിലെ സെവ്രിയില്‍ നിന്ന് ആരംഭിച്ച്‌ റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയില്‍ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. 16.50 കിലോമീറ്റര്‍ കടലിലും 5.5 കിലോമീറ്റര്‍ കരയിലുമായാണ് ഈ ആറുവരി കടല്‍പ്പാലം സ്ഥിതിചെയ്യുന്നത്. മുംബൈയിലെ സെവ്രിയില്‍ നിന്ന് ആരംഭിക്കുന്ന എംടിഎച്ച്‌എല്‍ റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയില്‍ എത്തിച്ചേരും. ശിവാജി നഗര്‍, ജാസി, ചിര്‍ലെ എന്നിവിടങ്ങളില്‍ ഇന്റര്‍ചേഞ്ചുകള്‍ ഉണ്ടായിരിക്കും.

Related Articles

Back to top button