IndiaLatest

500 ‘വൻധൻ വികാസ് കേന്ദ്രങ്ങള്‍’ തുടങ്ങാൻ കേന്ദ്രം

“Manju”

വന വിഭവങ്ങള്‍ ശേഖരിച്ച്‌, സംസ്കരിച്ച്‌ വിപണനം ചെയ്യാൻ വനവാസി വിഭാഗങ്ങള്‍ക്കായി വിഭാവനം ചെയ്ത വൻധൻ വികാസ് കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ 100 ജില്ലകളിലായി 500 കേന്ദ്രങ്ങള്‍ തുടങ്ങാനാണ് തീരുമാനം. പ്രത്യേക ദുര്‍ബല വനവാസി ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പിഎം ജൻമൻ (പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ) പദ്ധതിയുടെ ഭാഗമായാണ് വൻധൻ വികാസ് കേന്ദ്രങ്ങള്‍ തുടങ്ങുക. മൂന്ന് വര്‍ഷത്തിനുള്ളില്‍ ദുര്‍ബല വനവാസി വിഭാഗത്തെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തില്‍, കേരളത്തില്‍ 15 കേന്ദ്രങ്ങള്‍ തുടങ്ങും. വയനാട്, അട്ടപ്പാടി, പറമ്പിക്കുളം, നിലമ്പൂര്‍ വനവാസി മേഖലകളിലാകും വൻധൻ വികാസ് കേന്ദ്രങ്ങള്‍. കേരളത്തിലെ കൊറഗ, കാട്ടുനായ്‌ക്കര്‍, ചോലനായ്‌ക്കര്‍, കുറുമ്പര്‍, കാടര്‍ എന്നീ വനവാസി വിഭാഗങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഓരോ വൻധൻ വികാസ് കേന്ദ്രങ്ങളിലും 15 ലക്ഷം രൂപയാണ് കേന്ദ്ര വനവാസി ക്ഷേമ മന്ത്രാലയം നിക്ഷേപിക്കുക. ‌ട്രൈഫെഡ് മുഖേന ഈ തുക സംസ്ഥാന വനം വകുപ്പുകള്‍ക്ക് കൈമാറും. വനം വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിക്കാണ് കേരളത്തില്‍ ന‌ടത്തിപ്പ് ചുമതല.

വൻധൻ വികസ് കേന്ദ്രം തു‌ടങ്ങാനുള്ള കെട്ടിടം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ, പരിശീലനം തുടങ്ങിയവയ്‌ക്കായി ഈ തുക വിനിയോഗിക്കാം. 44 കേന്ദ്രങ്ങള്‍ നിലവില്‍ കേന്ദ്രത്തിന്റെ സഹായത്തോ‌ടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുര്‍ബല വനവാസി മേഖലയിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

വൻധൻ പദ്ധതി വനവാസികള്‍ക്ക് ഉപജീവനമാര്‍ഗം എന്നതിന് പുറമേ അവരെ സംരംഭകരാക്കി മാറ്റുന്നതിനും വഴിയൊരുക്കി. വനവാസികള്‍ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുകയും ചെറുകിട വനവിഭവങ്ങള്‍ ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി വിവിധ തരത്തിലുള്ള പരിശീലനവും നടത്തുന്നുണ്ട്. ഗോത്രവര്‍ഗ ജ്ഞാനത്തെ പ്രായോഗിക സാമ്പത്തിക പ്രവര്‍ത്തനമാക്കി മാറ്റുന്നതിന് പദ്ധതി സഹായിക്കുന്നു.

Related Articles

Back to top button