KeralaLatest

കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും: നരേന്ദ്ര മോദി

“Manju”

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങളില്‍ പ്രത്യേക ഉത്സാഹം കാണുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ‘തിരുവനന്തപുരത്ത് വരുന്നത് എപ്പോഴും സന്തോഷകരമാണ്. കേരളത്തിലെ ജനങ്ങള്‍ 2024-ല്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും. കേരളത്തിലെ ജനങ്ങളില്‍ പ്രത്യേക ഉത്സാഹം കാണുന്നു. രണ്ടക്ക സീറ്റ് നല്‍കി അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നാനൂറിലധികം സീറ്റ് എന്നതാണ് 2024-ലെ ബിജെ പിമുദ്രാവാക്യം’, മോദി പറഞ്ഞു.

കേരളം ഇത്തവണ രാഷ്ട്ര നിര്‍മാണത്തിനായി ബിജെപിയെ തുണക്കും. പ്രതിപക്ഷത്തിന്റെ സമനില തെറ്റിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ നെഗറ്റീവ് ചിന്താ പദ്ധതിക്ക് ഒപ്പം നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മോദിയുടെ ഗ്യാരന്റിയാണത്. ബിജെപി സംസ്ഥാനങ്ങളുമായി കേരളത്തെ വേര്‍തിരിച്ച് കണ്ടിട്ടില്ല. കേരളത്തിലെ വിവേക ശാലികളായ ജനങ്ങള്‍ക്ക് അതറിയാം. ഇന്ത്യയെ ലോകത്തെ വമ്പന്‍ സാമ്പത്തിക ശക്തിയായി വളര്‍ത്തും. അത് മോദിയുടെ ഗ്യാരന്റിയാണെന്നും മോദി പറഞ്ഞു. മൂന്നാം മോദി ഭരണമാണ് എല്ലായിടത്തും ചര്‍ച്ച. മൂന്നാം ഭരണത്തില്‍ ഇന്ത്യ സാമ്പത്തിക ശക്തിയാകും. അഴിമതി ഇല്ലാതാകും.

കേരളത്തിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. കേരള സര്‍ക്കാര്‍ നിസഹകരിക്കുകയാണെങ്കിലും കേന്ദ്ര പദ്ധതികളില്‍ മുന്തിയ പരിഗണന നല്‍കുകയാണ്. മുദ്രാ ലോണ്‍, അടിസ്ഥാന സൗകര്യ വികസനം എല്ലാം കേരളത്തിന് ലഭിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനും മോദി മറന്നില്ല. കേരള സര്‍ക്കാര്‍ നിസഹരിക്കുമ്പോഴും കേന്ദ്രം പദ്ധതികളില്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ട്. സൗജന്യ ഭക്ഷ്യധാന്യ വിതരണം, ആയുഷ്മാന്‍ ഭാരത്, മുദ്ര വായ്പ, വന്ദേഭാരത് എന്നിവയിലൂടെ കേരളത്തെ സഹായിക്കുകയാണ്. ഇവിടെ കേരളത്തില്‍ ശത്രുക്കളായി നില്‍ക്കുന്ന പാര്‍ട്ടികള്‍ കേരളത്തിന് പുറത്ത് മിത്രങ്ങളാണ്.

കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ഇന്‍ഡ്യ മുന്നണിയില്‍ ഒരുമിച്ച് ഇരിക്കുന്നവരാണ്. കേരളത്തില്‍ ബിജെപി ഒരിക്കലും ഭരണത്തില്‍ ഇരുന്ന പാര്‍ട്ടിയല്ല. എന്നാല്‍ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി എക്കാലവും പരിശ്രമിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് കുടുംബ താല്‍പര്യമാണെന്ന് ആരോപിച്ച മോദി അത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ആവര്‍ത്തിക്കുകയാണെന്നും പറഞ്ഞു. കേരളത്തിന് പുറത്ത് കോണ്‍ഗ്രസ്സും സിപിഐഎമ്മും ബെസ്റ്റ് ഫ്രണ്ട്‌സ് എവെര്‍ ആണ്. രണ്ടു പേരും ചേര്‍ന്ന് കുടുംബാധിപത്യത്തിനു ശ്രമിക്കുകയാണ്. ഇവിടെ ഏറ്റുമുട്ടുന്ന രണ്ട് പേരും പുറത്തു കൈ കോര്‍ക്കുന്നു.

കേരളത്തില്‍ പോരാടിക്കുന്നവര്‍ പുറത്തു സഖ്യത്തിലാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കേരളത്തെ അഴിമതിയുടെയും അക്രമത്തിന്റെയും നാടായി മാറ്റി. കേരളത്തിലെ സാധാരണക്കാര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് വാങ്ങുന്നതിലാണ് കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റുകാര്‍ക്കും താല്‍പര്യമെന്നും മോദി ആഞ്ഞടിച്ചു. എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയത്‌നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Related Articles

Back to top button