KeralaLatest

അശ്വതിയുടെ MBBS പഠനത്തിന് ഇനി നിയമക്കുരുക്കുകളില്ല

“Manju”

കരുവാരക്കുണ്ട്: അശ്വതിയുടെ എം.ബി.ബി.എസ് പഠനത്തിന് ഇനി നിയമക്കുരുക്കുകളില്ല. പോരായ്മകളോട് പൊരുതി നേടിയ എം.ബി.ബി.എസ്. പഠനം തുടരാൻ സുപ്രീംകോടതിയുടെ അനുമതി. നീറ്റ് പരീക്ഷയില്‍ പ്രത്യേക പരിഗണനാ വിഭാഗത്തില്‍ 556-ാമത് റാങ്ക് നേടിയ കരുവാരക്കുണ്ട് കക്കറയിലെ പി. അശ്വതിയുടെ സ്വപ്നങ്ങളാണ് സുപ്രീം കോടതിയുടെ അനുകൂലവിധിയില്‍ പൂവണിയുന്നത്.
2020-ല്‍ ആണ് അശ്വതിക്ക് മെറിറ്റിലൂടെ മെഡിസിൻ പഠനത്തിന് പ്രവേശനം ലഭിച്ചത്. സെറിബ്രല്‍ പാള്‍സിമൂലം കാലുകള്‍ക്കും വലതുകൈയിനും ജന്മനാ ശേഷിക്കുറവുണ്ട് അശ്വതിക്ക്. എം.ബി.ബി.എസ്. പ്രവേശനത്തിന് മുന്നോടിയായി തിരുവനന്തപുരം മെഡിക്കല്‍ ബോർഡിന് മുന്നില്‍ നടന്ന പരിശോധനയാണ് അശ്വതിക്ക് തിരിച്ചടിയായത്. മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകള്‍ പഠിക്കാൻ ഭിന്നശേഷിമൂലം അശ്വതിക്ക് യോഗ്യതയില്ലെന്ന് ബോർഡ് വിധിയെഴുതി. നടപടിക്കെതിരേ അശ്വതി ഹൈക്കോടതിയെ സമീപിച്ച്‌ ഇടക്കാല വിധി നേടി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി. കക്കറയിലെ പള്ളിക്കുത്ത് മുരളീധരന്റെ മകളായ അശ്വതി സാമ്പത്തിക പ്രയാസങ്ങളെയും ശാരീരിക പരിമിതികളെയും മറികടന്നാണ് എം.ബി.ബി.എസിന് പ്രവേശനം നേടിയത്. എന്നാല്‍ ഇതിനുപിന്നാലെ ഹൈക്കോടതിയുടെ ഇടക്കാല വിധിക്കെതിരെ നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു.

ഒടുവില്‍ മൂന്ന് വർഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ തിങ്കളാഴ്ച മെഡിക്കല്‍ കമ്മീഷന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളിയതോടെ അശ്വതിയുടെ മുമ്പിലെ നിയമക്കുരുക്ക് അഴിഞ്ഞിരിക്കുകയാണ്. ഇടതുകൈകൊണ്ട് പരീക്ഷയെഴുതിയ അശ്വതിക്ക് നീറ്റ് പരീക്ഷയില്‍ സംസ്ഥാന റാങ്ക് പട്ടികയില്‍ പതിനേഴാം റാങ്ക് ലഭിച്ചിരുന്നെങ്കിലും മെഡിക്കല്‍ കൗണ്‍സിലിങ് സംബന്ധിച്ച്‌ അറിയിപ്പ് ലഭിക്കാൻ വൈകിയെന്ന കാരണത്താല്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. തുടർന്ന് അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശനം നേടുകയായിരുന്നു.
ഭിന്നശേഷി മൂലം അശ്വതിക്ക് മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകള്‍ക്ക്
യോഗ്യതയില്ലെന്ന് കാണിച്ച്‌ മെഡിക്കല്‍ ബോർഡ് നല്‍കിയ സർട്ടിഫിക്കറ്റ് ഈ പ്രവേശനമാണ് മെഡിക്കല്‍ ബോർഡ് റദ്ദാക്കിയത്. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ ഇപ്പോള്‍ പഠനത്തിന് മുന്നിലുണ്ടായിരുന്ന എല്ലാ നിയമക്കുരുക്കുകളും ഇല്ലാതായ ആഹ്ലാദത്തിലാണ് അശ്വതി. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അശ്വതിക്കു വേണ്ടി അഡ്വ. കാളീശ്വരം രാജ് ആണ് ഹാജരായത്. കക്കറ ആലുങ്ങല്‍ മഹാദേവ ക്ഷേത്രവും, അശ്വതി പഠിച്ച കരുവാരക്കുണ്ട് സർക്കാർ ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപകരും കുടുംബവും ചേർന്നാണ് കേസിനായി കോടതിയില്‍ ചെലവഴിക്കാൻ ആവശ്യമായ തുക കണ്ടെത്തിയത്.

Related Articles

Back to top button