HealthKeralaLatest

എറണാകുളത്ത് ആദ്യമായി ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു

“Manju”

എറണാകുളം: ജില്ലയില്‍ ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്.
ലൈം രോഗം ബൊറേലിയ ബർഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇത് ചില പ്രാണികള്‍ വഴിയാണ് പകരുന്നത്. നാഡീവ്യൂഹത്തെ ബാധിച്ച്‌ മരണംവരെ സംഭവിക്കാവുന്ന രോഗമാണിത്. കൃത്യസമയത്ത് കണ്ടെത്തിയാല്‍ ഡോക്സിസൈക്ളിൻ ഗുളികകള്‍ അടക്കമുള്ള ചെലവു കുറഞ്ഞ ചികിത്സാ മാർഗത്തിലൂടെ രോഗം ഭേദമാക്കാമെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു.
വലത് കാല്‍മുട്ടില്‍ നീർവീക്കവും പനിയുമായികഴിഞ്ഞ ഡിസംബർ ആറിനാണ് ലിസി ആശുപത്രിയി പ്രവേശിപ്പിച്ച രോഗിക്കാണിത് സ്ഥിരീകരിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലില്‍നിന്നുള്ള സ്രവം പരിശോധിച്ചപ്പോള്‍ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്ന് തിരിച്ചറിഞ്ഞത്. ലൈം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും ആശുപത്രി വിടുകയും ചെയ്തു. ആശുപത്രി അധികൃതർ ജില്ല മെഡിക്കല്‍ ഓഫീസറെ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗിയുടെ രക്തം പരിശോധനക്കായി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. അവിടെയും രോഗം സ്ഥിരീകരിച്ചിരിക്കയാണ്.
ചിലതരം പ്രാണികള്‍ അഥവാ ചെള്ളിെൻറ കടിയേല്‍ക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത്. ചെള്ളുകടിച്ച പാട്, ചർമത്തില്‍ ചൊറിച്ചിലും തടിപ്പും തുടങ്ങിയവ രോഗത്തിന്റെ ലക്ഷണങ്ങളാണ്. പക്ഷേ പലരും ഈ ലക്ഷണങ്ങള്‍ ഗൗരവത്തിലെടുക്കാത്തതിനാല്‍ രോഗസ്ഥിരീകരണം പലപ്പോഴും വൈകും.
ചെള്ളുകടിച്ച്‌ മൂന്നുമുതല്‍ 30-ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ചർമത്തിലെ ചൊറിച്ചിലിനും പാടിനുമൊപ്പം പനി, തലവേദന, അമിതക്ഷീണം, സന്ധിവേദന തുടങ്ങിയവ ആദ്യഘട്ടത്തില്‍ പ്രകടമാകാം. ചികിത്സിച്ചില്ലെങ്കില്‍ ലൈം ഡിസീസ് വഷളായേക്കും. മൂന്നുമുതല്‍ 10 ആഴ്ചകളോളം രോഗ ലക്ഷണങ്ങള്‍ കാണപ്പെടാം. ശരീരത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന പാടുകള്‍, കഴുത്തുവേദന, മുഖത്തെ പേശികള്‍ക്ക് ബലക്ഷയം, ശരീരത്തിനു പുറകില്‍ നിന്നാരംഭിച്ച്‌ അരക്കെട്ടിലേക്കും കാലുകളിലേക്കും പടരുന്ന വേദന, കൈകളിലും കാല്‍പാദങ്ങളിലുമുള്ള വേദനയും തരിപ്പും, കണ്ണിലും കണ്‍പോളയിലും വേദനയോടെയുള്ള തടിപ്പ്, കാഴ്ച്ചക്കുറവ് തുടങ്ങിയവ ഈ ഘട്ടത്തില്‍ പ്രകടമാകാം.
മൂന്നാംഘട്ടത്തില്‍ ആർത്രൈറ്റിസ് അനുഭവപ്പെടാം. കാലങ്ങളോളം നീണ്ടുനില്‍ക്കുന്ന വേദനയും വീക്കവുമുണ്ടാകാം. ചെള്ളുകടിയേറ്റ് രണ്ടുമുതല്‍ 12-മാസത്തിനുശേഷമാണ് മൂന്നാംഘട്ടത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുക. കൈകളിലെയും കാല്‍പാദങ്ങളിലെയും ചർമത്തിന്റെ നിറംമാറുകയും വീക്കം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയും ഈ ഘട്ടത്തിലുണ്ടാകാം. മാസങ്ങളും വർഷങ്ങളും ഈ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടേക്കാമെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു

Related Articles

Back to top button