IndiaInternationalLatest

ഭയന്ന് വിറച്ച് കപ്പലിലുണ്ടായിരുന്നവര്‍; ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം

“Manju”

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം. അപകടത്തിന് തൊട്ടുമുന്‍പുള്ള കപ്പലിനുള്ളിലെ ദൃശ്യം എന്ന പേരിലാണ് ഗ്രാഫിക് കാര്‍ട്ടൂണ്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ചിലര്‍ പ്രതികരിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌ഫോഡ് കോമിക്‌സാണ് കാര്‍ട്ടൂണ്‍ തയാറാക്കിയത്. നീളമുള്ള ലങ്കോട്ടി മാത്രം ധരിച്ച് അര്‍ധനഗ്‌നരായി നിലവിളിച്ച് നില്‍ക്കുന്ന രീതിയിലാണ് ഇന്ത്യക്കാരെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ പരസ്പരം പഴിച്ചുകൊണ്ട് അസഭ്യവര്‍ഷം നടത്തുന്ന ഓഡിയോയും ചേര്‍ത്തിട്ടുണ്ട്. ഇന്ത്യക്കാരെ അപമാനിക്കുന്നതിന് പുറമെ കപ്പലിലെ ജീവനക്കാര്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതാണ് കാര്‍ട്ടൂണുകളെന്നും ആക്ഷേപമുണ്ട്.

അതേസമയം, പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ അവശിഷ്ടങ്ങള്‍ മാറ്റാന്‍ കൂറ്റന്‍ ക്രെയിനുകള്‍ കൊണ്ടുവന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ മുങ്ങുന്നത് അപകടസാധ്യതയുള്ളതിനാല്‍ നാല് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പാലം തകരാന്‍ കാരണമായ കപ്പല്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടേതാണ്. പാലക്കാട്ടുകാരനായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനര്‍ജി മറൈന്‍ ഗ്രൂപ്പ് എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ മാനേജിങ് ചുമതല.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ബാള്‍ട്ടിമോറിലെ സീഗര്‍ട്ട് മറൈന്‍ ടെര്‍മിനലില്‍നിന്ന് കപ്പല്‍ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണിലേക്ക് കപ്പല്‍ ഇടിച്ചു കയറുകയായിരുന്നു. പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്. ഇടിയുടെ ആഘാതത്തില്‍ പാലം പൂര്‍ണമായും തകര്‍ന്ന് നദിയിലേക്കു വീണു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Related Articles

Back to top button