InternationalLatest

 പേമാരിയും പ്രളയവും യുഎഇയെ ദുരിതത്തിലാക്കി; കോടികളുടെ നഷ്ടം

“Manju”

ദുബായ്: യുഎഇയില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉണ്ടായത് കോടികളുടെ നഷ്ടം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പെയ്തത്. അബുദാബി അല്‍ഐന്‍ മേഖലയില്‍മാത്രം ഒറ്റദിവസം 254.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ശക്തമായ മഴയും കാറ്റും മൂലം കോടികളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്.

മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില ഫാമുകള്‍ വെള്ളത്തിനടിയിലായി. എട്ടടിയോളം ഉയരത്തിലാണ് ചില ഫാമുകളില്‍ വെള്ളം പൊങ്ങിയത്. ഫാമുകളില്‍ വെള്ളം കയറി വളര്‍ത്തുമൃഗങ്ങള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. വെള്ളക്കെട്ടു നീക്കാന്‍ വലിയ പമ്പുകള്‍ ഉപയോഗിച്ചു വെള്ളം ടാങ്കറുകളില്‍ ശേഖരിച്ചു മാറ്റുകയാണ്. വീടുകളിലും വാഹനങ്ങളിലും വെള്ളം കയറി പലര്‍ക്കും വിലപ്പെട്ട രേഖകള്‍ നഷ്ടമായിട്ടുണ്ട്. ഒട്ടേറെ പേരാണ് രാജ്യത്തിന്റെ പല ഭാഗത്തും ഒറ്റപ്പെട്ടുകിടക്കുന്നത്.

ചൊവ്വാഴ്ച നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് പുനരാരംഭിച്ചത്. അടുത്ത 5 ദിവസത്തേക്കു മഴയ്ക്കു സാധ്യതയില്ലെന്നാണ് അറിയിപ്പ്. ഇന്നു മുതല്‍ താപനില വര്‍ധിക്കും. കേരളത്തില്‍നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള ഒട്ടേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ടിക്കറ്റ് റദ്ദാക്കി പണം മടക്കി നല്‍കണമെന്നു യാത്രക്കാരില്‍ ചിലര്‍ ആവശ്യപ്പെട്ടത് സംഘര്‍ഷത്തിനിടയാക്കി.

 

Related Articles

Back to top button