ന്യൂഡല്‍ഹി: ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി വിനയ് പ്രകാശിനെ നിയമിച്ച് ട്വിറ്റര്‍. grievance-officer-in @ twitter.com എന്ന ഐഡിയിലൂടെ പരാതികള്‍ അറിയിക്കാമെന്നും ട്വിറ്റര്‍ ചൂണ്ടിക്കാട്ടി . വെബ്സൈറ്റിലൂടെയാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോര്‍ട്ട് തയാറാക്കണം. കൂടാതെ പരാതികളില്‍ എടുത്ത നടപടികളും ഇതിലൂടെ വ്യക്തമാക്കണം. ഇക്കാര്യങ്ങള്‍ ഇനി ചെയ്യേണ്ടത് പരാതി പരിഹാര ഓഫീസറുടെ ചുമതലയായിരിക്കും .
മേയ് 26 മുതല്‍ ജൂണ്‍ 25 വരെ ലഭിച്ച പരാതികളുടെ വിവരങ്ങളും കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍, അക്കൗണ്ട് വെരിഫിക്കേഷന്, അക്കൗണ്ട് ആക്സസ്, എന്നിവയെ സംബന്ധിച്ചാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നതെന്നും ട്വിറ്റര്‍ അറിയിച്ചു.