ഹൂസ്റ്റണ്‍: അമേരിക്കന്‍ ഹിപ്ഹോപ് സംഗീത ബാന്‍ഡ് മിഗോസ് അംഗം റാപ്പര്‍ ടേക്കോഫ്(28) വെടിയേറ്റു മരിച്ചു. ഹൂസ്റ്റണില്‍ ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. മിഗോസ് ബാന്‍ഡിന്റെ റാപ്പറായിരുന്നു 28കാരനായ കിര്‍ഷ്നിക് ഖാരി ബോള്‍ എന്നറിയപ്പെടുന്ന ടേക്കോഫ്. ബന്ധുവും ബാന്‍ഡിലെ സഹപ്രവര്‍ത്തകനുമായ ക്വാവോയ്ക്കൊപ്പം ഡൈസ് കളിക്കുന്നതിനിടെയായിരുന്നു സംഭവം.
പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ന് ഹൂസ്റ്റണിലെ 810 ബില്യാര്‍ഡ്സ് ആന്‍ഡ് ബൗളിംഗ് ആലിക്ക് സമീപമുള്ള ബാല്‍ക്കണിയില്‍ വച്ചാണ് വെടിയേറ്റത്. എന്നാല്‍ ആരാണ് വെടിയുതിര്‍ത്തതെന്നു വ്യക്തമായിട്ടില്ല. സ്ഥലത്തുവച്ചുതന്നെ ടേക്കോഫ് കൊല്ലപ്പെട്ടിരുന്നു. ക്വാവോയ്ക്കും പരുക്കേറ്റുവെന്നാണു റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ രണ്ടുപേരെ സ്വകാര്യ വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചെന്ന് പോലീസ് അറിയിച്ചു.
നേരത്തേ, താനിവിടെയുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ടേക്കോഫ് പങ്കുവച്ചിരുന്നു. സംഭവസ്ഥലത്തുനിന്നുള്ള ചിത്രങ്ങളില്‍ ടേക്കോഫ് ധരിച്ചിരുന്നതിനു സമാന വസ്ത്രങ്ങള്‍ ധരിച്ചയാള്‍ നിലത്തുകിടക്കുന്നത് കാണാമായിരുന്നു.