സിന്ധുമോള്‍ . ആര്
കോവിഡ് ചികിത്സയ്ക്കിടെ കാറില്‍ സഞ്ചരിച്ച് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ചികിത്സയ്ക്കിടെ കാറില്‍ സഞ്ചരിച്ച് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ യാത്രയ്ക്കെതിരെ വലിയ വിവാദങ്ങളാണ് അരങ്ങേറുന്നത്. ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇപ്പോഴും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെയാണ് ട്രംപിന്റെ കാര്‍ യാത്ര. ട്രംപിന്റെ കാര്‍ യാത്ര അനാവശ്യമായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉണ്ട്. ട്രംപിനൊപ്പം കാറിലുണ്ടായിരുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവരും. അവര്‍ക്കും കോവിഡ് വന്നേക്കാം. അവര്‍ രോഗം ബാധിച്ച് മരിക്കാനും ഇടയുണ്ട്. രാഷ്ട്രീയ നാടകത്തിനായി അവരുടെ ജീവന് അപകടത്തിലാക്കാനും ട്രംപ് ശ്രമിച്ചുവെന്നും വാള്‍ട്ടര്‍ റീഡ് മിലിട്ടറിയിലെ ഡോക്ടര്‍ ജയിംസ് പി. ഫിലിപ്പ് ആരോപിച്ചു.
അതേസമയം അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയാണ് ട്രംപ് നടത്തിയതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപ് ഇന്ന് ആശുപത്രി വിടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രണ്ട് തവണ ട്രംപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നതായി വൈറ്റ് ഹൗസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്രംപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് ആദ്യദിനം 94 ശതമാനത്തിനും താഴെയായിരുന്നു. പിന്നീട് 90 ശതമാനത്തിനു താഴെയായി മാറിയിരുന്നു. നിലവില്‍ 98 ശതമാനത്തിനു മുകളിലാണെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം.
Back to top button