Latest

ഇന്ന് ശാന്തിഗിരിയില്‍ മാന്ത്രികപ്പറവ പറന്നിറങ്ങും

“Manju”

പോത്തന്‍കോട് : ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇതിനകം ശ്രദ്ധേയമായ പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ പുതിയ ഹെലികോപ്ടര്‍ ഇന്ന് രാവിലെ 11 ന് ശാന്തിഗിരിയില്‍ പറന്നിറങ്ങും.  സോഷ്യല്‍ മീഡിയ ‘മാന്ത്രികപ്പറവ’ എന്നു വിളിച്ച തന്റെ ഹെലികോപ്ടറിലാണ് അദ്ദേഹം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തുന്നത്. ലോകത്തെ അത്യാഡംബര യാത്രാ ഹെലികോപ്‌റ്ററുകളിൽ മുൻ നിരയിലുള്ള എയർബസ് എച്ച് 145 ഹെലികോപ്റ്റർ ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. 100 കോടിയോളം രൂപ വിലവരും. ഒരേസമയം രണ്ടു ക്യാപ്റ്റന്മാര്‍ക്കു പുറമേ ഏഴു യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ കഴിയുമെന്നതും ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായതുമായ എന്‍‌ജിന്‍ ശേഷിയുമാണ് ഇതിന്റെ പ്രത്യേകതകള്‍ . വേഗത മണിക്കൂറില്‍ 246 കിലോമീറ്റര്‍. സമുദ്രനിരപ്പില്‍നിന്നും 20,000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനും കഴിയും.

രണ്ട് പൈലറ്റുമാരെയും സ്റ്റാൻഡേർഡ് കോൺഫിഗറേഷനിൽ എട്ട് യാത്രക്കാരെയും, ഉയർന്ന സാന്ദ്രതയുള്ള കോൺഫിഗറേഷനിൽ രണ്ട് പൈലറ്റുമാരെയും 10 യാത്രക്കാരെയും ഉൾക്കൊള്ളാൻ H145-ന് കഴിയും. നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്റ്ററിനുള്ളത്. 785 കിലോവാട്ട് കരുത്തു നല്‍കുന്ന രണ്ടു സഫ്രാന്‍ എച്ച് ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എൻജീനാണ് ഹെലികോപ്റ്ററിന്‍റെ ഹൃദയം. വൈവിധ്യമാർന്ന ക്യാബിൻ ലേഔട്ടിനൊപ്പം, മൾട്ടി പർപ്പസ് റോട്ടർക്രാഫ്റ്റ്, സ്വകാര്യ, ബിസിനസ് ഏവിയേഷൻ, ഓഫ്‌ഷോർ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾക്കും വ്യോമ ഗതാഗതത്തിനും എമർജൻസി മെഡിക്കൽ സേവനങ്ങൾക്കും അനുയോജ്യമാണ് ഈ ഹെലികോപ്ടർ. ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പ് നിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.

2021 ഏപ്രിൽ 11 ന് യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്ത് ക്രാഷ് ലാൻഡ് ചെയ്‍തിരുന്നു. ഇറ്റാലിയന്‍ കമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ V T -YMA  ഹെലികോപ്റ്ററായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്. അടുത്തിടെ അത് വില്‍പനയ്ക്ക് വച്ചതും വലിയ വാര്‍ത്തയായിരുന്നു. തുടർന്നാണ് പുതിയ ഹെലികോപ്ടറായ എച്ച് 145 യൂസഫലി വാങ്ങിയത് എന്നാണ് വിവരം. ലോകത്ത് ഇതുവരെ 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള ഈ ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ ആര്‍പി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാന്‍ രവി പിള്ളയാണ്. അദ്ദേഹം ഈ വര്‍ഷം മാര്‍ച്ചില്‍ ഹെലികോപ്ടര്‍ സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button