IndiaLatest

കർഫ്യൂ പിൻവലിച്ചു

“Manju”

ബംഗളൂരു: കൊവിഡിന്റെ രണ്ടാംഘട്ട വ്യാപന ഭീതിയില്‍ കര്‍ണാടകയില്‍ ജനവരി രണ്ടുവരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. പൊതുജനങ്ങളില്‍ നിന്ന് പ്രതികരണം ലഭിച്ച ശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്താണ്‌രാത്രി കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ ഒരു ദിവസം കഴിഞ്ഞാണ് സര്‍ക്കാരിന്റെ മലക്കംമറിച്ചല്‍.

സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, അനാവശ്യ യാത്ര ഒഴിവാക്കുക, സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് 19 നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക എന്നിവയിലൂടെ പൊതുജനങ്ങള്‍ വൈറസ് പടരുന്നത് തടയണമെന്നും കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ക്രിസ്തുമസ്, പുതുവല്‍സരാഘോഷങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ കൊവിഡ് 19 സാങ്കേതിക ഉപദേശക സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബുധനാഴ്ച രാത്രി 11 മുതല്‍ രാവിലെ 5 വരെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചത്. അതേസമയം, രാത്രി കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ടെങ്കിലും ക്രിസ്തുമസ്, പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ തുടരും. പബ്ബുകളും ബാറുകളും തുറക്കാമെങ്കിലും നൈറ്റ്ക്ലബ്ബുകളിലെ ഡിജെ പാര്‍ട്ടികള്‍ക്കു നിരോധനമുണ്ട്.

Related Articles

Back to top button