KeralaLatest

ബാങ്ക് വിളിക്കൊപ്പം ആരാധന മണിനാദവും ; വിശ്വജ്ഞാനമന്ദിരത്തില്‍ സൗഹാര്‍ദ്ദത്തിന്റെ നോമ്പ് തുറ

“Manju”
വിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തിന്റെ വേദിയില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സംസാരിക്കുന്നു.

കോഴിക്കോട്: ബാങ്ക് വിളിയുടെ അലയൊലികള്‍ക്കൊപ്പം ആരാധന മണിനാദവും ലയിച്ചപ്പോള്‍ വിശ്വജ്ഞാനമന്ദിരത്തില്‍ പിറവി കൊണ്ടത് അപൂര്‍വ്വമായൊരു ഇഫ്താര്‍ വിരുന്ന്. വിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്താന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എഴുന്നേറ്റപ്പോഴാണ് അപൂര്‍വ്വ നിമിഷത്തിന് സദസ്സ് സാക്ഷിയായത്.

വേദിക്കും സദസ്സിനും ഒരുപോലെ ഹൃദ്യത പകരുന്നതായിരുന്നു ഈ അപൂര്‍വ്വ നിമിഷം. ഇന്ന് മന്ദിരത്തില്‍ തെളിഞ്ഞത് മതാതീത സ്നേഹത്തിന്റെയും സൌഹര്‍ദ്ധത്തിന്റെയും ദീപമാണെന്ന് തെളിയിക്കുന്നതായിരുന്നു സമര്‍പ്പണത്തിന് മുന്നോടിയായി നടന്ന സമ്മേളനങ്ങള്‍. ഈസ്റ്റര്‍ ആശംസകളും പ്രാര്‍ത്ഥനകളും നിറഞ്ഞ വേദിയില്‍ വൈകുന്നേരം ബാങ്ക് വിളി കൂടി മുഴങ്ങിയതോടെ സര്‍വ്വമതസാഹോദര്യത്തിന്റെ അടയാളമായി ശാന്തിഗിരിയുടെ വിശ്വജ്ഞാനമന്ദിരം മാറി.

വേദിയിലുണ്ടായിരുന്ന മുസ്ലിം ലീഗ് മലപ്പുറം ജില്ലാസെക്രട്ടറി എന്‍. പി.മുഹമ്മദ് നോമ്പുതുറ അറിയിച്ചു കൊണ്ട് ബാങ്ക് വിളിച്ചു. ഇതിനിടെ വിശ്വജ്ഞാനമന്ദിരത്തില്‍ വൈകുന്നേരത്തെ ആരാധനമണി മുഴങ്ങി. തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവിയുടെ നേതൃത്വത്തില്‍ വേദിയിലുണ്ടായിരുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവര്‍ നോമ്പുതുറയില്‍ പങ്കാളിയായി.

നോമ്പ് തുറ അവസാനിച്ചതിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. ബാങ്കു വിളിയും ആരാധനയും സംഗമിക്കുന്ന ഇഫ്താര്‍ വിരുന്നിന് സാക്ഷിയാകാന്‍ കഴിഞ്ഞത് ദൈവനിയോഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം മഹനീയ ദൃശ്യങ്ങള്‍ പകര്‍ത്തി സാഹോദര്യ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

ഒരുമിച്ചൊരു നോമ്പുതുറ… വിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളന വേദിയിൽ നിന്ന്

Related Articles

Back to top button