KeralaLatest

ഭാര്യ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

“Manju”

കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിന്റെ സുഹൃത്ത് , ബന്ധു എന്നിവരും കസ്റ്റഡിയിൽ. പാമ്പ് പിടിത്തക്കാരനാണ് അറസ്റ്റിലായ സൂരജിന്റെ സുഹൃത്ത്. മൂന്നുപേരുടെയും അറസ്റ്റ് ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. സൂരജിന് പാമ്പ് നല്‍കിയത് കസ്റ്റഡിയിലുള്ള പാമ്പുപിടിത്തക്കാരനായ സുഹൃത്താണ്. പതിനായിരം രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയതെന്ന് സൂരജ് മൊഴി നൽകി. സൂരജിന് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഉത്രയുടെ കുടുംബമാണ് സൂരജിനെതിരെ നേരത്തെ രംഗത്തെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സൂരജിന്റെ ഫോൺ പരിശോധിച്ചിരുന്നു.

ഫോൺ പരിശോധനയിലൂടെ സൂരജിനു പാമ്പ് പിടിത്തക്കാരുമായുള്ള ബന്ധത്തെ കുറിച്ച് അറിയാൻ സാധിച്ചു. സൂരജിനെയും മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. പാമ്പുകളെ കുറിച്ചറിയാൻ സൂരജ് യുട്യൂബിൽ തെരച്ചിൽ നടത്തിയതിനെ കുറിച്ചും പൊലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. ഫോൺ പരിശോധിച്ചപ്പോൾ ആണ് ഇത്തരം വിവരങ്ങൾ പുറത്തുവന്നത്.

കഴിഞ്ഞ ആറ് മാസമായി ഉത്രയുടെ ഭർത്താവ് സൂരജ് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സൂരജിന്റെ പറക്കോട്ടെ വീട്ടില്‍ പാമ്പുമായി ചില സ്നേഹിതർ എത്തിയിരുന്നുവെന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നതായും പൊലീസിന് മൊഴി നല്‍കിയിരുന്നു. ഉത്രയുടെ അമ്മയുടെയും അച്ഛന്റെയും സഹോദരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സൂരജിനെ നേരത്തെ രണ്ട് തവണ ചോദ്യം ചെയ്‌തിരുന്നു.

തറ നിരപ്പിൽനിന്ന് പാമ്പിന് എത്ര ഉയരാൻ കഴിയും എന്നതും ഉറക്കത്തിൽ വിഷപ്പാമ്പിന്റെ കടിയേറ്റാൽ ഉണരുമോ എന്നതും കണ്ടെത്തനായി ഈ മേഖലയിലെ വിദഗ്‌ധരുടെ സഹായം തേടാൻ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. അതിനിടയിലാണ് യുവാവിന്റെ കുറ്റസമ്മതം. ഉത്രയുടെ സ്വത്ത് കെെക്കലാക്കാനാണ് സൂരജ് കൊലപാതകത്തിനു ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉത്രയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button