KeralaLatest

എല്ലാത്തരം മാസ്‌കുകളും കോവിഡ് വ്യാപനം തടയാന്‍ സഹായിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍

“Manju”

സിന്ധുമോള്‍ ആര്‍

ലണ്ടന്‍: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പലയിടങ്ങളിലും ഇന്ന് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ് എന്നാല്‍, പുതിയൊരു പഠനം പറയുന്നത് എന്ത് ഉപയോഗിച്ചു മാസ്‌ക് നിര്‍മ്മിച്ചു എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണെന്നാണ്. മാസ്‌ക് നിര്‍മ്മാണത്തിന് ഉപയോഗിച്ച ചില പദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ 95 മാസ്‌കുകളാണ് രോഗവ്യാപനം തടയുവാന്‍ ഏറ്റവും അനുയോജ്യമായതെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ചെറുതും വലുതുമായ എല്ലാത്തരം ശ്വാസോച്ഛാസ കണങ്ങളേയും തടയുവാന്‍ അതിന് കഴിവുണ്ട്.

എന്നാല്‍ ചില മാസ്‌കുകള്‍ ധരിക്കുന്നതിനേക്കാള്‍ നല്ലത് മാസ്‌ക് ധരിക്കാതിരിക്കുന്നതാണെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. അവയ്ക്ക് ശ്വാസോച്ഛാസത്തിലെ വലിയ ദ്രവകണങ്ങളെ ചെറുതാക്കി മാറ്റി അന്തരീക്ഷത്തിലേക്ക് പടര്‍ത്താന്‍ കഴിവുണ്ടത്രെ. ഡ്യുക്ക് യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം ശാസ്ത്രകാരന്മാര്‍ നടത്തിയ പഠനത്തിലാണ് എല്ലാത്തരം ഫേസ് മാസ്‌കുകളും ഒരുപോലെ ഉപയോഗയോഗ്യമല്ലെന്ന് തെളിഞ്ഞിരിക്കുന്നത്.

സയന്‍സ് അഡ്വാന്‍സസ് എന്ന ശാസ്ത്ര ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. വിവിധ തരത്തില്‍ പെട്ട 14 തരം മാസ്‌കുകളെയാണ് ഇവര്‍ പഠനത്തിന് വിധേയമാക്കിയത്. ഒരു കറുത്ത പെട്ടിയില്‍ ഒരു ദ്വാരമുണ്ടാക്കി അതിനെ ഒരു ലേസര്‍ ബീമില്‍ നിന്നുള്ള നേരിയ പ്രകാശവലയം കൊണ്ട് ആവരണം ചെയ്തു. അതിനുശേഷം അതിന് പുറകിലായി ഒരു സെല്‍ഫോണ്‍ കാമറ സ്ഥാപിച്ചു. പിന്നീട് ഈ ലേസര്‍ രശ്മികളെ കടന്നെത്തുന്ന ദ്രവകണങ്ങളെ റെക്കോര്‍ഡ് ചെയ്തു. വിവിധ മാസ്‌കുകള്‍ ധരിച്ച്‌ ഒരു വ്യക്തി ഈ ദ്വാരത്തിലൂടെ സംസാരിക്കുമ്പോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളേയാണ് റെക്കോര്‍ഡ് ചെയ്തത്.

മൂന്നു ലയറുകള്‍ ഉള്ള സര്‍ജിക്കല്‍ മാസ്‌ക്, എക്സലേഷന്‍ വാല്‍വോടുകൂടിയ എന്‍ 95 സര്‍ജിക്കല്‍ മാസ്‌ക്, നിറ്റഡ് മാസ്‌ക്, രണ്ട് ലയറുകളോടു കൂടിയ പോളിപ്രൊപൈലിന്‍ഏപ്രണ്‍ മാസ്‌ക്, കോട്ടണ്‍-പോളിപ്രൊപൈലിന്‍- കോട്ടണ്‍ മാസ്‌ക്, ഒരു ലയര്‍ മാത്രമുള്ള മാക്സിമ എ ടി മാസ്‌ക്, രണ്ട് ലയറുകളുള്ള കോട്ടണ്‍, പ്ലീറ്റഡ് സ്‌റ്റൈല്‍ മാസ്‌ക്, രണ്ട് ലയറുകളുള്ള കോട്ടണ്‍ ഓള്‍സോണ്‍ സ്‌റ്റൈല്‍ മാസ്‌ക്, രണ്ട് ലയറുകളുള്ള കോട്ടണ്‍ മാസ്‌ക്, ഒരു ലയറുള്ള കോട്ടണ്‍ മാസ്‌ക്, ഗെയ്റ്റര്‍ മാതൃകയിലുള്ള നെക്ക് ഫ്ലീസ്, ഡബിള്‍ -ലയര്‍ ബന്‍ഡാന, എക്സലേഷന്‍ വാല്‍വ് ഇല്ലാത്ത എന്‍ 95 മാസ്‌ക് എന്നി വിവിധ ഇനങ്ങളിലുള്ള മാസ്‌കുകളാണ് പഠനത്തിന് വിധേയമാക്കിയത്.

95 ശതമാനം ദ്രവകണങ്ങളും അകത്തേക്കോ പുറത്തേക്കോ പോകുന്നത് തടയുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന എന്‍ 95 മാസ്‌കുകളാണ് കോവിഡ് വ്യാപനത്തിന് അത്യൂത്തമം എന്നാണ് പഠനത്തില്‍ വ്യക്തമായത്. മൂന്ന് ലയറുകളോട് കൂടിയ സര്‍ജിക്കല്‍ മാസ്‌കും വീടുകളില്‍ ഉണ്ടാക്കുന്ന തരത്തിലുള്ള കോട്ടണ്‍ മാസ്‌കുകളും ഏറെ ഫലപ്രദമായി ദ്രവകണങ്ങളെ തടയുന്നതായി തെളിഞ്ഞു. സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ദ്രവകണങ്ങളെ തടയുന്നതില്‍ കോട്ടണ്‍ മാസ്‌കുകള്‍ കാര്യക്ഷമമാണെന്നും അവര്‍ കണ്ടെത്തി.

എന്നാല്‍, കാഴ്‌ച്ചക്ക് മനോഹരങ്ങളായ നിറ്റഡ് മാസ്‌കുകളും ഫോള്‍ഡഡ് ബന്‍ഡാനകളും ഇക്കാര്യത്തില്‍ തീര്‍ത്തും പരാജയപ്പെട്ടു എന്നാണ് ഗവേഷകര്‍ പറയുന്നത്. ഗെയ്റ്റേഴ്സ് എന്നറിയപ്പെടുന്ന, നെക്ക് ഫ്ലീസുകള്‍ ധരിക്കുന്നതിനേക്കാള്‍ നല്ലത് മാസ്‌ക് ധരിക്കാതിരിക്കുന്നതാണെന്നും അവര്‍ പറയുന്നു. വലിയ ദ്രവകണങ്ങളെ ചെറുതാക്കി, കണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌, കൂടുതല്‍ കണങ്ങള്‍ അന്തരീക്ഷത്തില്‍ പടര്‍ത്താന്‍ അവ സഹായിക്കുന്നു എന്നാണ് അവര്‍ പറയുന്നത്.

വലിയ കണങ്ങളേക്കാള്‍ ഭാരക്കുറവുള്ളതിനാല്‍ ചെറിയ കണങ്ങള്‍ കൂടുതല്‍ നേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും. ഇത് രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിക്കും. അങ്ങനെ ഈ വിഭാഗത്തില്‍ പെടുന്ന മാസ്‌കുകള്‍ രോഗവ്യാപനത്തെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ കണ്ടെത്തി.ശരിയായ മാസ്‌കുകള്‍ ധരിച്ച്‌ സ്വയം രക്ഷ ഉറപ്പാക്കുകയും, മറ്റുള്ളവരിലേക്ക് രോഗ പകര്‍ത്താതിരിക്കുകയും വേണം. അതിന് ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുക എന്നതായിരുന്നു ഈ ഗവേഷണത്തിന്റെ ഉദ്ദേശമെന്നും ഗവേഷകര്‍ പറഞ്ഞു.

Related Articles

Back to top button