KeralaLatest

കോവിഡ് ഡ്യൂട്ടിക്ക് അധ്യാപകരും

“Manju”

സന്തോഷ്‌ നെടുമങ്ങാട്

തിരുവനന്തപുരം: കേരള – കർണാടക അതിർത്തിയിൽ നാളെ മുതൽ ആരംഭിക്കുന്ന 100 ഹെൽപ് ഡെസ്കുകളിൽ അധ്യാപകരെയും ഡ്യൂട്ടിക്ക് നിയോഗിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവിറങ്ങി.

രാത്രിയും പകലും ജോലി ചെയ്യാൻ തക്ക വിധത്തിലുള്ള ക്രമീകരണങ്ങളാണ് ഹെൽപ് ഡെസ്കിൽ ഒരുക്കിയിരിക്കുന്നതെന്നും 24 മണിക്കൂറും അതിർത്തിയിൽ അധ്യാപകരുടെ സേവനമുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.

ഒരു ഹെൽപ് ഡെസ്ക്കിൽ രണ്ടുപേർ വീതമായിരിക്കും പ്രവർത്തിക്കുക.
ഒരാൾ രേഖകൾ പരിശോധിക്കുകയും രണ്ടാമത്തെയാൾ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയും ചെയ്യും.

ഇതുകൂടാതെ ഐ.ടി. അറ്റ് സ്കൂളിലെ 30 അധ്യാപകർ സാങ്കേതിക സഹായം നൽകും.
രാത്രിയും പകലും ഉൾപ്പെടെ മൂന്ന് ഷിഫ്റ്റുകളിലായി ആയിരിക്കും ഇവർ പ്രവർത്തിക്കേണ്ടി വരിക.

ആദ്യ ഘട്ടത്തിൽ 100 ഹെൽപ് ഡെസ്കുകളാണ് കേരള- കർണാടക അതിർത്തിയിൽ പ്രവർത്തനം ആരംഭിക്കുക.

നാളെ മുതൽ തന്നെ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ എത്തുമ്പോൾ അതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ്.

ജമ്മു കാശ്മീർ, ഡൽഹി,രാജസ്ഥാൻ,മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളാണ് കേരള- കർണാടക അതിർത്തിയിലൂടെ കാസർകോട് വഴി കേരളത്തിലേക്ക് എത്തുന്നതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അവരുടെ ആരോഗ്യപരിശോധന, പേരുവിവരങ്ങൾ രേഖപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് അതിർത്തിയിൽ നടക്കുക.

നിശ്ചിത കേന്ദ്രങ്ങളിൽ നിന്നും അധ്യാപകരെ കെ.എസ്.ആർ.ടി.സി. ബസ് മുഖേന അതിർത്തിയിലേക്ക് എത്തിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് എന്ന് കളക്ടർ അറിയിച്ചു.

ആദ്യ ഘട്ടത്തിൽ അയ്യായിരത്തോളം പേരാണ് കാസർകോട്-കർണാടക അതിർത്തിയിലെ ദേശീയ പാതയിലൂടെ കേരളത്തിലേക്ക് എത്തുക.

Related Articles

Leave a Reply

Back to top button