KeralaLatest

ജൻധൻ അക്കൗണ്ടുള്ള എല്ലാ വനിതകൾക്കും കേന്ദ്ര സഹായം ലഭിക്കും.

“Manju”

പ്രജീഷ് വള്ള്യായി

 

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ജൻധൻ അക്കൗണ്ട് എടുത്തവരുടെ വിവരങ്ങൾ സഹകരണ വകുപ്പ് കേന്ദ്ര സർക്കാരിന് സമർപ്പിക്കാത്തതിനെ തുടർന്ന് കേന്ദ്ര സർക്കാർ നൽകുന്ന മിക്ക സഹായങ്ങളും സഹകരണ ബാങ്കുകളിലെ അക്കൗണ്ടുള്ളവർക്ക് ഇതുവരെ ലഭിച്ചിരുന്നില്ല.

കൊറോണക്കാലത്ത് ജൻധൻ അക്കൗണ്ടുള്ള വനിതകൾക്ക് മൂന്ന് ഗഡുക്കളായി കേന്ദ്ര സർക്കാർ അനുവദിച്ച 1500 രൂപയുടെ ആദ്യ ഗഡു ദേശസാത്‌കൃത ബാങ്കുകളിൽ അക്കൗണ്ടുള്ള സ്ത്രീകൾക്ക് ലഭിച്ചിരുന്നു. പക്ഷെ സഹകരണ ബാങ്കുകളിൽ അക്കൗണ്ടുള്ള 2 ലക്ഷത്തിൽപരം സ്ത്രീകൾക്കാണ് ഈ സഹായം കേരളത്തിൽ ലഭിക്കാതെ പോയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ കൃത്യമായ ഇടപെടലിനെത്തുടർന്ന് സഹകരണ ബാങ്കുകളിൽ അക്കൗണ്ടുള്ള വനിതകൾക്കും ഇനി മുതൽ ഈ സഹായം ലഭിക്കും. കഴിഞ്ഞ മാസം വിതരണം ചെയ്ത ആദ്യ ഗഡു 500 രൂപയും മെയ് നാലു മുതൽ വിതരണം ചെയ്യാൻ ആരംഭിച്ച രണ്ടാം ഗഡു 500 രൂപയും ഉൾപ്പടെ ആയിരം രൂപ സംസ്ഥാന സഹകരണ ബാങ്കുകളിൽ ജൻധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് ലഭിച്ചു തുടങ്ങി.

പ്രധാനമന്ത്രി ജൻധൻ യോജന ആരംഭിക്കുമ്പോൾ സഹകരണ ബാങ്കുകളിലും ജൻധൻ അക്കൗണ്ടുകൾ ആരംഭിച്ചിരുന്നു. ഇത്തരത്തിൽ ഇരുപത്തിയേഴ് ലക്ഷത്തിൽപ്പരം വനിതാ ജൻധൻ അക്കൗണ്ടുകളാണ് വിവിധ ബാങ്കുകളിലായി സംസ്ഥാനത്ത് ആരംഭിച്ചത്. നബാർഡ് വഴി ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ സഹകരണ വകുപ്പ് കേന്ദ്ര സർക്കാരിന് കൈമാറണം എന്ന് കേന്ദ്ര സർക്കാർ ആവശ്യപെട്ടിരുന്നെകിലും കടുത്ത അനാസ്ഥയാണ് സഹകരണ വകുപ്പ് ഇക്കാര്യത്തിൽ കാണിച്ചത്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ആരംഭിച്ച രണ്ടുലക്ഷത്തിൽ പരം അക്കൗണ്ടുകളുടെ വിവരങ്ങൾ സർക്കാരിന് സമർപ്പിച്ചിരുന്നില്ല. സഹകരണ വകുപ്പ് അവരുടെ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചിരുന്നു. കെ.സുരേന്ദ്രന്റെ ഇടപെടലിനെത്തുടർന്ന് കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് സഹകരണ ബാങ്കുകളിൽ ജൻധൻ അക്കൗണ്ടുള്ള വനിതകൾക്കും കൊറോണ സാമ്പത്തിക പാക്കേജിൻറെ ഭാഗമായി പ്രഖ്യാപിച്ച സാമ്പത്തിക സഹായം ലഭിച്ചു തുടങ്ങി.

Related Articles

Back to top button