KeralaLatest

പുഴകളിലെ അവശിഷ്ടങ്ങൾ ജൂൺ 5ന് മുൻപ് നീക്കം ചെയ്യാൻ നിർദ്ദേശം

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണ്ണൂർ: പുഴകളില്‍ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങള്‍ ജൂൺ 5 ന് മുന്‍പ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം. കളക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ സമിതി കോൺഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗത്തിലാണ് തീരുമാനം. ക്ലെയ്‌സ് ആന്റ് സിറാമിക്, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ ഏറ്റെടുത്തത് ഒഴികെയുള്ള സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് പുഴകളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്നാണ് തീരുമാനം.ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പദ്ധതികള്‍ നേരത്തെ തന്നെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരുന്നു. ബാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള മറ്റുപദ്ധതികളില്‍ ഉള്‍പ്പെടുത്തി മാലിന്യം നീക്കം ചെയ്യാന്‍ തയ്യാറാണെന്നും ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഇത്തരത്തില്‍ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ചിലവ് ജില്ലാ ഭരണകൂടം സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് തീരുമാനിക്കും. തൂമേനിക്കടവ്, മൊടയരഞ്ഞി, കിളിയന്തറ, വളവ് പാറക്കടവ്, ചരല്‍ക്കടവ്, മുടിക്കയം കടവ്, ബാവലിപ്പുഴ, കണിച്ചാര്‍ എന്നീ സ്ഥലങ്ങളില്‍ ക്ലെയ്‌സ് ആന്റ് സെറാമിക്, മൈനര്‍ ഇറിഗേഷന്‍, ഭൂഗര്‍ഭജലവിഭവം എന്നീ വകുപ്പുകളാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടത്. ഇവര്‍ നീക്കം ചെയ്യാത്ത പക്ഷം ജില്ലാ ഭരണ കൂടം വേണ്ട നടപടികള്‍ സ്വീകരിക്കും. കൊറോണ വ്യാപനം തടയാന്‍ ആളുകളെ കോറന്റെയിന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന ഇടപെടലുകളുടെ അവലോകനവും യോഗത്തില്‍ നടന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് നടന്ന യോഗത്തില്‍ ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ഡെപ്യൂട്ടി കളക്ടര്‍ ആര്‍ സുധീഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുൺ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button