KeralaLatest

റിമാന്‍ഡ് പ്രതികള്‍ക്ക് കൊവിഡ് ബാധിച്ചതെങ്ങനെ?

“Manju”

സിന്ധുമോള്‍ ആര്‍

 

ഉറവിടം കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകരുടെ തീവ്രയജ്ഞം,​ വെഞ്ഞാറമൂട് നൂറുകണക്കിനാളുകള്‍ ക്വാറന്റൈനില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ്‌ പ്രതികള്‍ക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തില്‍ വെഞ്ഞാറമൂട്ടിലെ ആറ് പഞ്ചായത്ത് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളാക്കി. മാണിക്കല്‍, മുതാക്കല്‍, വാമനപുരം, പുളിമാത്ത്, പുല്ലംപാറ പഞ്ചായത്ത് പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടുകളാക്കി ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇവിടെ പൊലീസും ആരോഗ്യ വകുപ്പും പരിശോധനകളും ശക്തമാക്കി.

മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം വരുത്തിയ കേസില്‍ പൊലീസ് പിടിയിലായ പുല്ലംപാറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അബ്കാരി കേസില്‍ അറസ്റ്റിലായ മറ്റ് രണ്ട് പ്രതികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതാണ് വെഞ്ഞാറമൂട്ടില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമാക്കിയത്. കൊവിഡ് രോഗികളായ പ്രതികളെ അറസ്റ്റ് ചെയ്ത കേസില്‍ വെഞ്ഞാറമൂട് സി.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്വാറന്റൈനില്‍ പോയതിന് പിന്നാലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ 13 പൊലീസുകാരെകൂടി ഇന്നലെ ക്വാറന്റൈനിലാക്കി.

കഴിഞ്ഞദിവസം മകളെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വീടിന് തീ വയ്ക്കുകയും ചെയ്ത കേസിലെ പ്രതിക്ക്‌ കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ എട്ട് ഫയര്‍ഫോഴ്സ് ജീവനക്കാരും ഇവര്‍ക്കൊപ്പം ക്വാറന്റൈനിലുണ്ട്. ഞായറാഴ്ച അബ്കാരി കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് സ്‌റ്റേഷനിലെ 34 പൊലീസുകാര്‍ ക്വാറന്റൈനില്‍ പോയിരുന്നു. ഇതോടെ വെഞ്ഞാറമൂട് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും ക്വാറന്റൈനിലാണ്.
വിവിധ സ്റ്റേഷനുകളില്‍നിന്ന് പൊലീസുകാരെ എത്തിച്ചാണ്‌ പ്രവര്‍ത്തനം. പാങ്ങോട് എസ്.ഐക്കാണ് സ്റ്റേഷന്‍ ചുമതല. റിമാന്‍ഡ് പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച്‌ മൂന്നുദിവസം പിന്നിട്ടിട്ടും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിയാത്തത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. മദ്യലഹരിയില്‍ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കി റിമാന്‍ഡിലായ പ്രതിക്ക് തമിഴ്നാട്ടില്‍നിന്നാണ് രോഗ ബാധയുണ്ടായതെന്നാണ് നിഗമനം.
ഇയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള നൂറോളം പേര്‍ വിവിധ സ്ഥലങ്ങളിലായി നിരീക്ഷണത്തിലാണ്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടവും വ്യക്തമല്ല. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ടും അല്ലാതെയും പലസ്ഥലങ്ങളിലും ചുറ്റിക്കറങ്ങുകയും ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഇവര്‍ക്ക് രോഗ ബാധയുണ്ടതെവിടെ നിന്നാണെന്ന് സ്ഥിരീകരിച്ചാലേ സമൂഹവ്യാപനം പോലുള്ള സ്ഥിതിഗതികള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പിനാകൂ.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുളള ശ്രമങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. തീവ്രബാധിത പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതും അനാവശ്യമായി കറങ്ങി നടക്കുന്നതും തടയാന്‍ വാഹനപരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായി ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി വെളിപ്പെടുത്തി.

Related Articles

Back to top button