IndiaLatest

കേരളത്തിന് ജി.എസ്.ടി. നഷ്ടം നല്‍കുന്നതിന് വായ്പ നല്‍കണം; തോമസ് ഐസക്

“Manju”

ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കുന്നതിന് പുതിയ നിര്‍ദേശവുമായി കേരളം ജി.എസ്.ടി. കൗണ്‍സിലില്‍. ജി.എസ്.ടിയിലെ വരുമാനപ്രശ്‌നമല്ലെന്നും ഇത് കോവിഡിന്റെ ഫലമാണെന്നുമുള്ള കേന്ദ്രത്തിന്റെ അഭിപ്രായത്തെ കേരളം യോഗത്തില്‍ ശക്തമായി എതിര്‍ക്കുകയും പുതിയ നിര്‍ദേശം മുന്നോട്ടുവയ്ക്കുകയും ചെയ്തു. നഷ്ടപരിഹാരം നല്‍കാന്‍ നിയമപരമായി കേന്ദ്രത്തിനു ബാധ്യതയുണ്ടെന്ന് കൗണ്‍സില്‍ യോഗത്തില്‍ മന്ത്രി ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം നല്‍കാന്‍ നിലവില്‍ സെസ് ഫണ്ടില്‍ 8000 കോടി രൂപ മാത്രമേയുള്ളൂ.ഈ സാഹചര്യത്തില്‍ ജി.എസ്.ടി. കൗണ്‍സില്‍ വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്കു വിതരണം ചെയ്യണമെന്ന നിര്‍ദേശം കേരളം മുന്നോട്ടുവച്ചു. കൗണ്‍സിലിനു വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാരന്റിനിന്നാല്‍ മതി. വായ്പയുടെ ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടാകില്ല. ഇതിന്റെ തിരിച്ചടവിനായി സെസിന്റെ കാലാവധി ദീര്‍ഘിപ്പിച്ചാല്‍ മതിയെന്നും കേരളം ചൂണ്ടിക്കാട്ടി. ജി.എസ്.ടി. നികുതിഘടനയിലെ മാറ്റങ്ങള്‍ ഈ കോവിഡ് കാലത്ത് വേണ്ടതില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിലുണ്ടായ വീഴ്ചകള്‍ക്കുള്ള നഷ്ടപരിഹാരം കുറയ്ക്കുകയും ചെയ്തു.

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസത്തെ നഷ്ടപരിഹാരമാണ് സംസ്ഥാനങ്ങള്‍ക്കു നല്‍കാനുള്ളത്. ഇക്കാലത്ത് കോവിഡ് മൂലം വരുമാനം കുറവായതുകൊണ്ട് വളര്‍ച്ച 14 ശതമാനമാക്കുന്നതിനായി വലിയതോതില്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഒരു ലക്ഷം കോടിയിലേറെ രൂപ ഇതിനായി വേണ്ടിവരും. കേരളത്തിന് മാത്രം 5250 കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കാനുണ്ട്. 2017 ജൂെലെ മുതല്‍ ഈ വര്‍ഷം വരെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാതിരുന്നവര്‍ പ്രതിമാസം 10,000 രൂപ വച്ച് ലേറ്റ് ഫീസ് നല്‍കണം. അത് 500 രൂപയായി കുറച്ചിട്ടുണ്ട്. അതുപോലെ ഇതില്‍ ഒന്നും നികുതിയായി നല്‍കാനില്ലാത്തവരും ഉണ്ടാകും.അത്തരക്കാര്‍ ലേറ്റ് ഫീയും മറ്റും നല്‍കേണ്ടതില്ല. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതു െവെകിയാല്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ സെപ്റ്റംബര്‍ വരെ ദീര്‍ഘിപ്പിച്ചു. 2017-18 കാലത്ത് അന്തര്‍സംസ്ഥാന വ്യാപാരത്തിന്റെ ഭാഗമായി ലഭിക്കുന്ന ഐ.ജി.എസ്.ടി.(ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്) കേന്ദ്രത്തിന്റെ ഖജനാവിലേക്ക് എടുത്തത് വീതം വച്ചു നല്‍കുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ നിയോഗിച്ച മന്ത്രിതല സമിതിയുടെ പ്രവര്‍ത്തനം തുടരാനും യോഗത്തില്‍ തീരുമാനമായതായി മന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. കൗണ്‍സിലില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നെങ്കിലും സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ പൂര്‍ണമായി മനസിലാക്കുന്നതിനും കൂടുതല്‍ ചര്‍ച്ചകള്‍ക്കുമായി മാറ്റിവച്ചു. അടുത്തമാസം പകുതിയോടെ വീണ്ടും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button