KeralaLatest

ശാന്തിഗിരി അവധൂതയാത്രയ്ക്ക് ചന്തിരൂരില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ തുടക്കം

“Manju”

അരൂര്‍ (ആലപ്പുഴ‍) : ശാന്തിഗിരി ആശ്രമം സ്ഥാപകന്‍ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ആദിസങ്കല്‍പ്പലയന വാര്‍ഷികമായ നവ‌ഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് ഗുരുവിന്റെ ജീവിതമുദ്രകള്‍ പതിഞ്ഞ ഇരുപത്തിയഞ്ച് ത്യാഗഭൂമികകളിലൂടെ ശിഷ്യപരമ്പര നടത്തുന്ന അവധൂതയാത്രയ്ക്ക് ചന്തിരൂര്‍ ജന്മഗൃഹത്തില്‍ തുടക്കമായി.

ഇന്ന് (മെയ് 1ബുധനാഴ്ച ) പുലര്‍ച്ചെ 5 മണിയുടെ ആരാധനയോടെ പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന സത്സംഗത്തില്‍ ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ആമുഖ പ്രഭാഷണം നടത്തി. ഗുരുവിന്റെ ഓരോ കര്‍മ്മങ്ങളുടെയും വലിപ്പമറിഞ്ഞ് നമുക്ക് ലഭിച്ച ഭാഗ്യത്തെ അനുഭവം കൊണ്ട് തിരിച്ചറിയുന്നതാണ് അവധൂതയാത്രയെന്ന് സ്വാമി പറഞ്ഞു. ദൈവത്തിന്റെ വാഗ്‌ദത്ത ഭൂമിയാണ് ചന്ദിരൂര്‍. ഇവിടെ നമ്മള്‍ അനുഭവിക്കുന്ന തണല്‍ ഗുരു കൊണ്ട വെയിലാണെന്നും ഇവിടുത്തെ കാറ്റ് ഗുരുവിന്റെ നെഞ്ചിടിപ്പാണെന്നും ഇവിടുത്തെ കൊയ്ത്തുപാട്ട് ദൈവത്തിന്റെ ഗാനമാണെന്നും ഇവിടുത്തെ മണല്‍ത്തരികള്‍ക്ക് പോലും ഗുരുവിന്റെ കദനത്തിന്റെ കഥ പറയാനുണ്ടാകുമെന്നും ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. നൊമ്പരങ്ങള്‍ നിറഞ്ഞ ഗുരുവിന്റെ കുട്ടിക്കാലത്തിന്റെ നേര്‍ചിത്രമായിരുന്നു സ്വാമിയുടെ വാക്കുകള്‍. 6 മണിയുടെ ആരാധനയ്ക്ക് ശേഷം പീതവസ്ത്രധാരികളായ സന്ന്യാസിസംഘവും ശുഭ്രവസ്ത്രധാരികളായ ബ്രഹ്മചര്യസംഘവും ഗൃഹസ്ഥരുമടക്കം ഇരുന്നൂറോളം പേര്‍ ഗുരുപഥങ്ങളിലേക്ക് പ്രാര്‍ത്ഥനകളോടെ ചുവടുവെച്ചു.

യാത്രസംഘം ആദ്യം പോകുന്നത് കാലടി ആഗമാനന്ദാശ്രമത്തിലേക്കാണ്. പിന്നീട് ആലുവ അദ്വൈതാശ്രമം സന്ദര്‍ശിക്കും. പാലാരിവട്ടം, എറണാകുളം, അരൂര്‍, തമ്പകച്ചുവട്, ഹരിപ്പാട് എന്നിവിടങ്ങളിലില്‍ അവധൂത യാത്രയ്ക്ക് സ്വീകരണം നല്‍കും.

ചന്ദിരൂർ ഒരുപ്രഭാത ദൃശ്യം
അവധൂത യാത്ര….

Related Articles

Back to top button