IndiaLatest

ഇന്ത്യ–ചൈന നയതന്ത്ര ചർച്ചകൾ ഉടൻ

“Manju”

 

ന്യൂഡൽഹി • ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന് അയവു വരുത്താൻ സൈനികതല ചർച്ചകൾ നടക്കുന്നതിനിടയിൽ നയതന്ത്രതലചർച്ചകൾ ഉടൻ ആരംഭിക്കും. തീയതി ഉടൻ നിശ്ചയിക്കാൻ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ ആലോചന തുടങ്ങി. നയതന്ത്രചർച്ച ആരംഭിക്കാൻ ഇരുരാജ്യങ്ങൾക്കും മേൽ റഷ്യ ഉൾപ്പെടെ ചില ലോകരാജ്യങ്ങളുടെ സമ്മർദമുണ്ട്. ഏറ്റുമുട്ടലിലേക്കു പോകാതെ പ്രശ്നം രമ്യമായി പരിഹരിക്കാൻ ഇരു രാജ്യങ്ങൾക്കും താൽപര്യമുണ്ട്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചൈന വിദേശകാര്യമന്ത്രി വാങ് ലി, റഷ്യ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് എന്നിവർ ഇന്ന് ത്രികക്ഷി കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും അതിർത്തി പ്രശ്നം ചർച്ചയാവില്ല. ത്രികക്ഷി യോഗങ്ങളിൽ ഉഭയകക്ഷി ചർച്ച പാടില്ല എന്നാണു നിയമം.
ചൈനയും ഇന്ത്യയും ജോയിന്റ് സെക്രട്ടറി തലത്തിലാവും ചർച്ച തുടങ്ങുക. പിന്നീട് വിദേശ കാര്യ സെക്രട്ടറിമാരും അതിനു ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ചർച്ച നടത്തും. ഇതിൽ ഇരു രാജ്യങ്ങളിലെയും അംബാസഡർമാരും പങ്കെടുക്കും. വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച നടത്തുന്ന കാര്യവും ചർച്ചയിൽ വരും.
ഇതിനിടെ, പ്രശ്നപരിഹാരത്തിന് സൈനികതലത്തിലെ ചർച്ച തുടരുകയാണ്. ഇരു രാജ്യങ്ങളുടെയും ഉന്നത സേനാ നേതൃത്വങ്ങൾ അതിർത്തിയിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിൽ ഇന്നലെ കൂടിക്കാഴ്ച നടത്തി. ലേ ആസ്ഥാനമായുള്ള കോർ കമാൻഡ് മേധാവി ലഫ്. ജനറൽ ഹരീന്ദർ സിങ്ങും ചൈനയുടെ മേജർ ജനറൽ ലിയു ലിന്നും തമ്മിലുള്ള രണ്ടാമത്തെ ചർച്ചയായിരുന്നു ഇത്. പകൽ 11.30ന് ആരംഭിച്ച ചർച്ച 12 മണിക്കൂർ നീണ്ടു. ചർച്ച ഇന്നും തുടർന്നേക്കുമെന്നു സൂചനയുണ്ട്.

Related Articles

Back to top button