ArticleKeralaLatest

ഈണം നൽകിയ ഗാനങ്ങൾ പോലെ സത്യസന്ധമായിരുന്നു ആ ജീവിതവും:എം ജി രാധാകൃഷ്ണനെ ഓർക്കുമ്പോൾ

“Manju”

സംഗീതം ജീവിതമാക്കിയ മാതാപിതാക്കള്‍ക്കു ജനിച്ച മകനായിരുന്നു എം.ജി.രാധാകൃഷ്ണന്‍. അച്ഛന്‍ സംഗീത സംവിധായകനും ഹാര്‍മോണിസ്റ്റുമായിരുന്ന മലബാര്‍ ഗോപാലന്‍ നായര്‍, അമ്മ അധ്യാപികയും ഹരികഥാനിപുണയുമായിരുന്ന കമലാക്ഷിയമ്മ. സഹോദരി സംഗീത അധ്യാപികയായ പ്രൊഫ.ഓമനക്കുട്ടി, സഹോദരന്‍ എം.ജി.ശ്രീകുമാര്‍, സഹോദരിയുടെ പുത്രിയുടെ മകന്‍ ഹരിശങ്കര്‍ എന്നിവരും മലയാളികള്‍ക്ക് സുപരിചിതര്‍. എം.ജി.രാധാകൃഷ്ണനും സഹോദരിയും ചേര്‍ന്ന് സംഗീതം പഠിപ്പിച്ചു മലയാളത്തിനു നല്‍കിയ പ്രതിഭകളിലൊരാള്‍ കെ.എസ്.ചിത്ര. ഇതുപോലെ സംഗീതം പഠിപ്പിച്ച് വലിയ ശിഷ്യസമ്പത്ത് നേടിയ ചലച്ചിത്ര സംഗീത സംവിധായകര്‍ മലയാളത്തില്‍ തന്നെ അപൂര്‍വ്വമാണ്. സിനിമകളിലൂടെ തിളങ്ങുമ്പോഴും ശാസ്ത്രീയ സംഗീതത്തിന്റെ വഴിയിലൂടെ നിതാന്തമായി പാടിയും പഠിച്ചും മുന്നേറിയ അദ്ദേഹം നിരവധി വേദികളില്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെ എല്ലാത്തരം പാട്ടു പ്രേമികളുടെ ആരാധനയും ആദരവും നേടിയാണ് അപ്രതീക്ഷിതമായി അദ്ദേഹം 2010ല്‍ കടന്നുപോകുന്നത്. ഓര്‍മദിനം പത്താം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ ആ വേദനകള്‍ക്കൊപ്പം മറ്റൊരു നൊമ്പരം കൂടി സംഗീത കുടുംബത്തിനുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധിക, അദ്ദേഹത്തിന്റെ ജീവിതത്തിന്‍ സംഗീതമായിരുന്ന നല്ലപാതി, പത്മജാ രാധാകൃഷ്ണന്‍ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പാണ് ഏവരേയും വിട്ടുപിരിഞ്ഞത്. അദ്ദേഹത്തെ മരണം കവര്‍ന്ന വേദനയെ അദ്ദേഹം തീര്‍ത്ത സംഗീതത്തിലൂടെ അതിജീവിച്ചാണ് കലയെ ചേര്‍ത്തുപിടിച്ച പത്‌നി പിന്നീടുള്ള കാലം ജീവിച്ചത്.

തൂവെള്ള മുണ്ടും ജുബ്ബയുമണിഞ്ഞൊരു കുറിയും തൊട്ട് മലയാളത്തിലേക്ക് ലളിത സംഗീതത്തിന്റെ ശാലീനതയുമായി കടന്നുവന്നയാളാണ് എം.ജി.രാധാകൃഷ്ണന്‍. മലയാളികള്‍ക്കേറെ പ്രിയപ്പെട്ട രാവിലെകളില്‍ അതിനേക്കാള്‍ പ്രിയപ്പെട്ട ആകാശവാണിയില്‍ കേട്ടിഷ്ടപ്പെട്ടു സ്‌നേഹിച്ച അനേകം ലളിതഗാനങ്ങളിലൂടെയാണ് ആ പേര് പരിചിതമാകുന്നത്. പിന്നീട് ശാസ്ത്രീയ സംഗീതം അത്രയും അര്‍പ്പണ ബോധത്തോടെ പഠിക്കുകയും അതിനായി ജീവിക്കുകയും ചെയ്യുന്നൊരു സംഗീതജ്ഞന് നല്ലൊരിടമാകാനിടയില്ലാത്ത സിനിമയിലൂടെ ജനകീയനായി. എം.ജി.രാധാകൃഷ്ണന് ചലച്ചിത്രങ്ങളിലൊരുക്കിയ രാഗാര്‍ദ്രമായ ഗാനങ്ങള്‍ സാധാരണക്കാര്‍ മനസ്സിലേക്കു ചേര്‍ത്തുവച്ചു. സംഗീതം പഠിക്കുന്നവര്‍ക്ക് അതൊരു പുസ്തകം പോലെ മൂല്യമുള്ളതുമായി. ഈണങ്ങള്‍ ബാക്കിയാക്കി കാലത്തിലേക്കു അദ്ദേഹം മറഞ്ഞിട്ട് പത്തു വര്‍ഷമാകുമ്പോഴും ആ ഗാനങ്ങള്‍ എന്നും കേള്‍ക്കാനിഷ്ടമുള്ളവായി നമുക്കൊപ്പമുണ്ട്.

ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും ഒരു ദ്വാപരയുഗസന്ധ്യയില്‍, ഘനശ്യാമസന്ധ്യാഹൃദയം നിറയെ മുഴങ്ങീ, ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍ ശാകുന്തളം വായിച്ചിരുന്നു,അഷ്ടപദിലയം തുളളിത്തുളുമ്പും അമ്പലപ്പുഴയിലെ നാലമ്പലത്തില്‍,മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി തുടങ്ങിയവ ഇന്നും നമ്മുടെയെല്ലാം കാതോരമുണ്ട്…അവ മനസ്സിലേക്കു കൊണ്ടുതരുന്നതാകട്ടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തേയും.

അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത സംവിധായകനായത്. അതിനു മുന്‍പേ ഗായകനായി അദ്ദേഹം സിനിമയിലെത്തി. കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലെ ഉണ്ണിഗണപതിയേ ആയിരുന്നു ആ ഗാനം. ശരശയ്യ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നീ ചിത്രങ്ങളിലും അദ്ദേഹം പാടി. സിനിമയുടെ മത്സരങ്ങളിലോ തിടുക്കങ്ങളിലോ പറ്റിയ ഒരാളായിരുന്നില്ല എം.ജി.രാധാകൃഷ്ണന്‍. ദശാബ്ദങ്ങൾ നീണ്ട ചലച്ചിത്ര സംഗീത സംവിധാന ജീവിതത്തില്‍ 31 ചിത്രങ്ങള്‍ക്കേ ഈണമിട്ടുള്ളൂ എങ്കിലും പ്രേക്ഷകര്‍ക്ക് എന്നെന്നും ഇഷ്ടമുള്ള അനേകം ഗാനങ്ങള്‍ അദ്ദേഹം തീര്‍ത്തു. പ്രണയവും നിരാശയും സ്‌നേഹവും തുളുമ്പുന്ന ഗീതങ്ങളിലോരോന്നും ശാസ്ത്രീയ സംഗീതത്തില്‍ അദ്ദേഹത്തിനുള്ള പാടവം തെളിയിക്കുന്നതായിരുന്നു. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ഐഡന്റിറ്റിയും. സന്തോഷ് ശിവന്‍ ക്യാമറ കൊണ്ടു കവിതയെഴുതിയ അനന്തഭദ്രത്തിലെ തിരനുരയും എന്ന പാട്ട് ആ ഐഡന്റിറ്റി തെളിയിക്കുന്ന ഗാനങ്ങളില്‍ മുന്‍പിലുണ്ട്. ആ ചിത്രത്തിലെ ഈണങ്ങളിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം രണ്ടാം വട്ടവും നേടി. പ്രൗഢിയുള്ള ചലച്ചിത്ര ഗാനങ്ങളുടെ സ്രഷ്ടാവായിരുന്നു അദ്ദേഹം എന്നു പറയുന്നതാകും കൂടുതല്‍ ശരി.

കാനകപ്പെണ്ണ് ചെമ്പരത്തി എന്ന ഗാനമാണ് ആദ്യത്തെ ഹിറ്റ് ഗാനം. ഓ മൃദുലേ.. ഹൃദയമുരളിയിലൊഴുകി വാ, ഒരു ദലം മാത്രം…, ജാനകിയമ്മയുടെ സ്വരമാധുരിയിലുള്ള നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…, മൗനമേ…നിറയും മൗനമേ, അനുജനായ ഗായകന്‍ എം.ജി.ശ്രീകുമാറിന്റെ ഹിറ്റ് ഗാനം അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ, ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു എക്കാലത്തേയും ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്തു പാര്‍ത്തായോ, പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ടും… ചിത്രയുടെ സ്വരഭംഗിയിലുള്ള മിഥുനത്തിലെ ഞാറ്റുവേലക്കിളിയേ ഒരു പാട്ടുപാടി വരുമോ, അനന്തഭദ്രത്തിലെ ശിവമല്ലിക്കാവില്‍, സിനിമ ഗാനങ്ങള്‍ അധികം പാടിയിട്ടില്ലാത്ത പ്രഗത്ഭയായ കര്‍ണാടക സംഗീതജ്ഞ അരുന്ധതി പാടിയ ഏത്ര പൂക്കാലമിനി…, പ്രജയിലെ ചന്ദനമണിസന്ധ്യകളുടെ നടയില്‍.. , കണ്ണെഴുതി പൊട്ടും തൊട്ടിലെ ഹരിചന്ദനമലരിലെ മധുവായ്…, തുടങ്ങി എത്രയോ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ റിപ്പീറ്റ് മോഡില്‍ ആസ്വദിക്കുന്നു.

പ്രസാദാത്മകമായിരുന്നു എം.ജി.രാധാകൃഷ്ണന്റെ മുഖം. ആ പാട്ടുകള്‍ക്കും സ്‌നേഹംതുളുമ്പുന്ന ശബ്ദത്തിനുമൊപ്പം ആ നിറഞ്ഞ ചിരിയേയും നമ്മള്‍ സ്‌നേഹിച്ചു. ഇത്രയധികം ഗാനങ്ങള്‍ ചെയ്‌തെങ്കിലും, മുന്‍നിര ഗായകര്‍ക്ക് പ്രശസ്തമായ ഒരുപാട് ഗാനങ്ങള്‍ നല്‍കിയിട്ടും അതുകൊണ്ടാകണം ആ പേര് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് അദ്ദേഹം തന്നെ പാടിയ ചെറിയൊരു കീര്‍ത്തനമാകുന്നത്. സ്‌നേഹവും സങ്കടവും ഒരുപോലെ നിഴലിക്കുന്ന വന്ദേ മുകുന്ദ ഹരേ…ആ ഗാനം പോലെ സത്യസന്ധമായിരുന്നു ജീവിതവും ഈണങ്ങളും.

Related Articles

Back to top button