KasaragodKeralaLatest

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ശിലാസ്ഥാപനം നാളെ ആരോഗ്യ മന്ത്രി നിര്‍വഹിക്കും

“Manju”

ശ്രീജ.എസ്

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായി തുടരുന്ന കരുതലുകള്‍ അവസാനിക്കുന്നില്ല. സമഗ്ര സാമൂഹിക വികസനം ഉറപ്പു വരുത്തുന്നതിന് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. പദ്ധതിയുടെ ശിലാസ്ഥാപനം നാളെ (ജൂണ്‍ നാല്) ഓണ്‍ലൈനായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ ബോവിക്കാനം യു പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, എം സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു തുടങ്ങിയവര്‍ സംബന്ധിക്കും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയാണ് മുളിയാര്‍ വില്ലേജില്‍ പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നത്. വിദഗ്ധ ആരോഗ്യ പരിപാലനം, ഫിസിക്കല്‍ റീഹാബിലിറ്റേഷന്‍, തൊഴില്‍ പരിശീലനം, വ്യക്ത്യാധിഷ്ഠിതമായ ശാരീരിക മാനസിക വികസനത്തിനുള്ള കോഴ്സുകള്‍, ഷോര്‍ട്ട് സ്റ്റേ തുടങ്ങിയ കാര്യങ്ങളാണ് പുനരധിവാസ ഗ്രാമത്തില്‍ പരിഗണനയിലുള്ളതെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോസഫ് റിബെല്ലൊ പറഞ്ഞു.

മുളിയാര്‍ പഞ്ചായത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ 25 ഏക്കര്‍ കണ്ടെത്തിയത്. സാമൂഹ്യ നീതി വകുപ്പിന് വേണ്ടി സാമൂഹ്യ സുരക്ഷാ മിഷനാണ് പദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കിയത്. 58 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നാലുഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുകയെന്ന് കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മ് മോഹന്‍ പറഞ്ഞു. ആദ്യഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് അഞ്ച് കോടി അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് രിഹാബിലിറ്റേഷന്‍ ആണ് സാങ്കേതിക സഹായം നല്‍കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. സാമൂഹ്യനീതി ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ തുടങ്ങിയവര്‍ നിര്‍മ്മാണത്തിന്റെ മോണിറ്ററിങ് നടത്തും.

Related Articles

Back to top button