KeralaLatest

കെഎസ്ആർടിസി ബസ് കണ്ടക്ടർ ബസിൽ വച്ച് ആക്ഷേപിച്ചതായി യുവാവിന്‍റെ പരാതി

“Manju”

കരുനാഗപ്പള്ളി • നേരത്തെ നടത്തിയ യാത്രയിൽ ടിക്കറ്റ് എടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് കണ്ടക്ടർ ബസിൽ വച്ച് ആക്ഷേപിച്ചതായി യുവാവിന്റെ പരാതി. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകൻ തൊടിയൂർ കല്ലേലിഭാഗം മഠത്തിനേത്ത് വീട്ടി‍ൽ എസ്.ഷാരോൺ ആണ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയത്.

പരാതിയിൽ പറയുന്നത്: പ്രായമായ അമ്മയ്ക്കും ഭിന്നശേഷിക്കാരിയായ സഹോദരിക്കും മരുന്നു വാങ്ങാൻ ഇന്നലെ ഉച്ചയ്ക്ക് കരുനാഗപ്പള്ളി കെഎസ്ആർടിസി ഡിപ്പോയി‍ൽ എത്തിയ ഷാരോൺ അവിടെ നിന്നു ബസിൽ കയറി 8 രൂപ ടിക്കറ്റ് എടുത്ത് പുള്ളിമാൻ ജംക്‌ഷനിൽ ഇറങ്ങി. മരുന്നും വാങ്ങി കരുനാഗപ്പള്ളിയിലേക്കുള്ള ഓർഡിനറി ബസിൽ കയറി.

ഈ ബസിലെ കണ്ടക്ടർ ‘നീ അങ്ങോട്ട് പോയപ്പോൾ ടിക്കറ്റ് എടുക്കാതെ പോയവനല്ലെ,’എന്നു പറഞ്ഞു കൊണ്ട് സഹയാത്രക്കാരുടെ സാന്നിധ്യത്തിൽ അപമാനിച്ചു. അസഭ്യം പറഞ്ഞു കൊണ്ട് അടിക്കാൻ ശ്രമിക്കുകയും ചെയ്തു. ടിക്കറ്റ് എടുത്തിരുന്നല്ലോ എന്നു പറഞ്ഞെങ്കിലും കേൾക്കാതെ ഇറങ്ങേണ്ട സ്ഥലത്തെ ബസ് സ്റ്റോപ്പിൽ ഇറക്കാതെ ബസ് സ്റ്റാൻഡിൽ കൊണ്ടു പോയി കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ മുന്നിൽ ഹാജരാക്കുകയായിരുന്നു.

ഇവിടെ വച്ച് മറ്റു ജീവനക്കാർ ആക്രമണത്തിനു മുതിർന്നെന്നും പരാതിയി‍ൽ പറയുന്നു. താൻ യാത്ര ചെയ്ത മൂന്നു ബസിലെയും ടിക്കറ്റുകൾ കൈവശം ഉണ്ടെന്നു പറഞ്ഞപ്പോൾ അത് തട്ടി പറിക്കാനും ശ്രമം നടത്തി. ഈ പ്രശ്നങ്ങൾ കാരണം അമ്മയ്ക്കും സഹോദരിക്കും മരുന്നും കൃത്യസമയത്ത് എത്തിക്കാൻ കഴി‍ഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു. ഷാരോൺ യാത്ര ചെയ്ത മൂന്നു ബസുകളിലെ ടിക്കറ്റും മരുന്നിന്റെ ബില്ലും കാണിച്ചാണു പൊലീസിനു പരാതി നൽകിയത്.

Related Articles

Back to top button