IndiaLatest

ആശങ്കയേറുന്നു, ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരം. കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 20,000 ത്തോളം മരണങ്ങളാണ് രാജ്യത്ത് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും മാത്രമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 1379 പേര്‍ക്കാണ് തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 72,088 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3115 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 5368 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,11,987 ആയി ഉയര്‍ന്നു. 9026 പേരാണ് ഇതുവരെ മരണപ്പെട്ടത്.

അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11,732,996 ആയി ഉയര്‍ന്നു. മരണസംഖ്യ 540,137 ആയി. അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,427പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെയു.എസില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു.

കൊവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്നും, ഇതിനു തെളിവുണ്ടെന്നും, കൊവിഡിന്റെ മാനദണ്ഡങ്ങള്‍ പരിഷ്ക്കരിക്കണമെന്നും 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഒരു ജേണല്‍ പുറത്തുവിടാനും പദ്ധതിയുണ്ട്. എന്നാല്‍, വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവില്ലെന്ന നിലപാടിലാണ് ഡബ്ല്യു. എച്ച്‌.ഒ.

Related Articles

Back to top button