KeralaLatest

സന്ദീപ് നായർ,സ്വപ്ന സുരേഷ് എൻ.ഐ.എ കസ്റ്റഡിയിൽ ! സ്വപ്ന വ്യാജസർട്ടിഫിക്കറ്റ് ചമച്ചെന്ന് അഭിഭാഷകൻ!

“Manju”

ഷൈലേഷ്കുമാർ കൻമനം

കൊച്ചി: വൻകോലാഹലം സൃഷ്ടിച്ച സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും, നന്ദീപ് നായരും എൻ ഐ എയുടെ കസ്റ്റഡിയിലായി. ബംഗളൂരുവിൽ വെച്ചാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ അഞ്ച് ദിവസമായി സ്വപ്ന കുടുംബത്തോടൊപ്പം ബംഗളൂരുവിൽ താമസിക്കുകയായിരുന്നു.കസ്റ്റംസിൻ്റെ ആവശ്യപ്രകാരം സ്വപ്നയെയും, സന്ദീപിനേയും പിടികൂടാൻ കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചതിനിടയിലാണ് പ്രതികളെ എൻ ഐ എ സംഘം പിടികൂടിയത്.ബാംഗ്ലൂർ പോലീസിൻ്റെയും, മധുര കസ്റ്റംസ് ഡിവിഷൻ്റെയും സഹായത്തോടെയാണ് എൻ ഐ എ ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ കൊച്ചിയിലെത്തുമെന്നാണ് സൂചന.
ഇതിനിടയിൽ സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചുവെന്ന് ഹൈക്കോടതി അഭിഭാഷകൻ്റെ പരാതി. മതിയായ വിദ്യഭ്യാസയോഗ്യത നേടിയിട്ടില്ലാത്ത സ്വപ്നയുടെ ബി.കോം സർട്ടിഫിക്കറ്റ് വ്യാജമാണെന്നാരോപിച്ചാണ് ഹൈക്കോടതി അഭിഭാഷകൻ അഡ്വ: രാജേഷ് വിജയൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ബാബ സാഹിബ് അംബേദ്കർ സർവ്വകലാശാലയുടെ പേരിലാണ് സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് ചമച്ചത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇവർ എയർ ഇന്ത്യാ സ്റ്റാറ്റസിലും, യു.എ.ഇ കോൺസുലേറ്റിലും ഉദ്യോഗസ്ഥയായി കടന്നു കൂടിയതെന്നുമാണ് പരാതിയിൽ പറയുന്നത്. പക്ഷേ മേൽ പറഞ്ഞ സർവ്വകലാശാലയിൽ ബി.കോം കോഴ്‌സുമില്ലെന്ന് അന്വേഷണത്തിൽ കണ്ടത്തി. സർവ്വകലാശാല അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രത്യേകമായി അന്വേഷിക്കുക, വ്യാജരേഖ ചമക്കുക, വഞ്ചനാക്കുറ്റം എന്നിവ ഉൾപ്പടെ ഐ.പി.സി 465, 468, 471, 420 വകുപ്പുകൾ സ്വപ്നക്കെതിരെ ചുമത്തണമെന്നാണ് അഡ്വ: രാജേഷ് വിജയൻ നൽകിയ പരാതിയിലെ മുഖ്യ ആവശ്യം.
സ്വർണ്ണക്കടത്തു കേസ് കസ്റ്റംസും, ഇതുമായി ബന്ധപ്പെട്ട രാജ്യ സുരക്ഷാ കാര്യങ്ങൾ എൻ.ഐ.എ .യു മാണ് ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റുമായുള്ള ആരോപണം പോലീസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പ്രസ്താവിച്ചു.

Related Articles

Back to top button