KeralaLatestUncategorized

ആളും ആരവവുമില്ലാതെ വടക്കുനാഥന്റെ‍ ഗജവീരന്മാര്‍ക്ക് ആനയൂട്ട്

“Manju”

ശ്രീജ.എസ്

തൃശൂര്‍: ചരിത്രത്തിലാദ്യമായി ആളും ആരവുമില്ലാതെ തൃശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാതെ കര്‍ശന നിയന്ത്രണങ്ങളോടെ ചടങ്ങ് മാത്രമായാണ് ആനയൂട്ട് നടത്തിയത്. ഒരാനയ്ക്ക് മാത്രം ഭക്ഷണം നല്‍കി.

ആനയൂട്ടിനോടനുബന്ധിച്ച്‌ നടത്താറുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ചടങ്ങായി മാത്രമാണ് നടത്തിയത്. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വടക്കുനാഥ ക്ഷേത്ര നാലമ്പലത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തില്‍ 108 നാളികേരം കൊണ്ട് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ആരംഭിച്ചു. ദേവസ്വം ആന ശിവകുമാറിന് ക്ഷേത്രം മേല്‍ശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണന്‍ ആദ്യ ഉരുള നല്‍കി ആനയൂട്ട് നടത്തി. ആനയൂട്ടിന് ഭക്തര്‍ എത്താതിരിക്കാന്‍ വടക്കുനാഥ ക്ഷേത്രത്തിന്റെ എല്ലാ നടകളിലും പോലീസിനെ വിന്യസിച്ചിരുന്നു. ദേവസ്വം ജീവനക്കാരെ മാത്രമാണ് ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിപ്പിച്ചത്.

കര്‍ക്കിടമാസത്തിന്റെ വരവറിയിച്ചാണ് എല്ലാ വര്‍ഷവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഗജവീരന്‍മാരെ അണിനിരത്തി തൃശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്താറുള്ളത്. എല്ലാവര്‍ഷവും ആയിരകണക്കിന് ആന പ്രേമികള്‍ കരിവീരന്മാരെ കാണാന്‍ വടക്കുനാഥനിലെത്താറുണ്ട്. ആനയൂട്ടിന്റെ തലേന്ന് ആനകളെ അണിനിരത്തുകയും ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുകയും ചെയ്യാറുണ്ടായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഒഴിവാക്കിയതിന് പിന്നാലെ ആനയൂട്ടും ചടങ്ങ് മാത്രമായി നടത്തിയത് ആനപ്രേമികളെ നിരാശയിലാക്കി.

Related Articles

Back to top button