KeralaLatestThiruvananthapuram

കെൽവിൻ ജോയിയിലൂടെ മൃതസഞ്ജീവനി ജീവിതം പറിച്ചുനട്ടത് എട്ടു രോഗികളിലേയ്ക്ക്

“Manju”


2 കെൽവിൻ ജോയിക്ക് അമൃത ആശുപത്രി ജീവനക്കാർ യാത്രയയപ്പ് നൽകുന്നു

തിരുവനന്തപുരം: കെൽവിൻ ജോയിയുടെ കുടുംബം അർപ്പിച്ച വിശ്വാസം പാഴായില്ല, സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ചരിത്രത്തിൽ ആദ്യമായി എട്ടുപേർക്ക് പുതുജീവിതം സമ്മാനിച്ച അവയവദാനം കഴിഞ്ഞ ദിവസം നടന്നു.
ഹൃദയവും ചെറുകുടലും കരളും ഇരു കൈകളും വൃക്കകളും നേത്രപടലവുമടക്കം ദാനം ചെയ്യാൻ സന്മനസ് കാട്ടിയത് അപകടത്തിൽ മരിച്ച കെൽവിൻ ജോയി (39) എന്ന യുവാവിന്റെ കുടുംബമാണ്. കെൽവിൻ മുമ്പ് പ്രകടിപ്പിച്ചിരുന്ന ആഗ്രഹം കൂടിയാണ് കുടുംബം സഫലമാക്കിയത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന നോർത്ത് പറവൂർ ചെറിയ പിള്ളി വലിയപറമ്പിൽ വീട്ടിൽ വി ആർ ജോയി- മാർഗരറ്റ് ദമ്പതികളുടെ മകൻ കെൽവിൻ ജോയിയുടെ മസ്തിഷ്ക മരണം ശനിയാഴ്ചയാണ് സ്ഥിരീകരിച്ചത്. കെൽവിനോടുള്ള ആദരസൂചകമായി ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്. കൈകൾ മാറ്റി വയ്ക്കുന്നതിൽ പ്രസിദ്ധമായ അമൃത ആശുപത്രി ഏഴാം തവണയാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. രണ്ടു കൈളും അമൃത ആശുപത്രിയിലെ ഒരു രോഗിയ്ക്കു തന്നെയാണ് നൽകിയത്. കൂടാതെ ഹൃദയവും ചെറുകുടലും കരളും നേത്രപടലവും നൽകിയതും അമൃത ആശുപത്രിയിലെ രോഗികൾക്കു തന്നെ. വൃക്കകൾ കൊച്ചി ലൂർദ് ആശുപത്രിയിലെയും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെയും രോഗികൾക്കും നൽകി. മുഖ്യമന്ത്രിയുടെയും ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചറുടെയും ഓഫീസ് ഇടപെട്ട് ലോക്ക്ഡൗണ്‍ കാലത്തെ സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ നടപടികള്‍ സ്വീകരിച്ചു. മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എ റംലാബീവി, ജോയിന്‍റ് ഡി എം ഇ ഡോ തോമസ് മാത്യു, മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ വര്‍ഗീസ്, സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, മധ്യമേഖലാ നോഡൽ ഓഫീസർ ഡോ ഉഷാ സാമുവൽ, കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ കൃത്യതയും വിവേകപൂർണവുമായ ഏകോപനമാണ് വിവിധ ആശുപത്രികളിലെ രോഗികൾക്ക് യഥാസമയം ശസ്ത്രക്രിയ നടത്തി അവയവങ്ങൾ വച്ചുപിടിപ്പിക്കാൻ സഹായകമായത്. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാണ് അവയവദാന പ്രകൃയ പൂർത്തീകരിച്ചത്.
ലോകമാകെ ഗ്രസിച്ച മഹാമാരിയ്ക്കെതിരായ യുദ്ധം സംസ്ഥാനത്തും തുടരുന്നതിനിടയിലും മൃതസഞ്ജീവനി കൈവരിച്ച അസൂയാവഹമായ നേട്ടം അവയവദാന മേഖലയിൽ ശുഭപ്രതീക്ഷയേകുന്നതാണ്.

Related Articles

Back to top button