IndiaLatest

നിയമവ്യവസ്ഥയുടെ സമസ്‌ത തലങ്ങളിലും കേസുകൾ കെട്ടിക്കിടക്കുന്നതില്‍ ഉപരാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

സുപ്രീംകോടതി മുതല്‍ കീഴ്‌ക്കോടതികള്‍ വരെ കെട്ടിക്കിടക്കുന്ന കേസുകൾ വർദ്ധിച്ചുവരുന്നതിൽ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രശ്‌നം പരിഗണിക്കുന്നതിലൂടെ വേഗത്തിൽ നീതി ഉറപ്പാക്കണമെന്ന് സർക്കാരിനോടും ജുഡീഷ്യറിയോടും അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

ആന്ധ്ര സർവകലാശാലയിലെ ഡോ. ബി ആർ അംബേദ്‌കർ കോളേജ്‌ ഓഫ്‌ ലോയുടെ 76ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടന്ന പ്ലാറ്റിനം ജൂബിലി മീറ്റ് വെർച്വലായി അഭിസംബോധന ചെയ്യുന്നതിനിടെയാണ്‌ കഴിയുംവിധം വേഗത്തിലും താങ്ങാനാകുന്ന രീതിയിലും നീതി എത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അടിവരയിട്ടു പറഞ്ഞത്‌.

ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും അവരുടെ പരിജ്ഞാനം പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളെ ശാക്തീകരിക്കാനും നിയമ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട അദ്ദേഹം ദരിദ്രർക്ക് നിയമസഹായം എത്തിക്കുന്നത്‌ പ്രതിബദ്ധതയായി ഏറ്റെടുക്കാനും ഉപദേശിച്ചു.

നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ പരി ശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട ഉപരാഷ്ട്രപതി, നമ്മുടെ നിയമഅടിസ്ഥാന സൗകര്യങ്ങളും നീതിമാർഗങ്ങളും നിരന്തരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു, പ്രത്യേകിച്ചും സാധാരണക്കാർക്ക്. ബഹുഭൂരിപക്ഷം നിയമങ്ങളും ചട്ടങ്ങളും ഇപ്പോഴും സാധാരണ പൗരന് അപ്രാപ്യമാണെന്ന ആശങ്ക പ്രകടിപ്പിച്ച ഉപരാഷ്‌ട്രപതി നിയമ സാക്ഷരത വ്യാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

മാതൃഭാഷയിൽ പ്രാഥമിക, ഉന്നത പ്രാഥമികവിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത പുതിയ വിദ്യാഭ്യാസ നയത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം ഊന്നിപ്പറഞ്ഞു. “നമ്മുടെ എല്ലാ സംവിധാനങ്ങളും പൊതുജീവിതവും മാതൃഭാഷ ഉപയോഗിക്കുകയും പരിശീലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാൻ കഠിനമായി പരിശ്രമിക്കണം. വിദ്യാഭ്യാസമായാലും ഭരണമായാലും ജുഡീഷ്യറിയായാലും ആളുകൾക്ക് അവരുടെ മാതൃഭാഷയിൽ സംസാരിക്കാനും വാദിക്കാനും എഴുതാനും കഴിയണം, അങ്ങനെ അവർക്ക് സ്വതന്ത്രമായ ആശയപ്രകടനത്തിനും കഴിയും’’ .

Related Articles

Back to top button