KeralaLatest

എന്‍ജിനീയറിങ് കോളജ് വികസനം വേഗത്തിലാക്കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: പാപ്പനംകോട് ശ്രീചിത്തിരതിരുനാള്‍ എന്‍ജിനീയറിങ് കോളജിന്റെ വികസനം അതിവേഗത്തിലാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. മികച്ച അടിസ്ഥാന സൗകര്യവും ഉന്നത വിദ്യാഭ്യാസ നിലവാരവുമാണ് കോളജിന് അക്രഡിറ്റേഷന്‍ ലഭ്യമാക്കാന്‍ സഹായിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോളജിന്റെ പ്രധാന കെട്ടിടത്തിന്റെ മൂന്നാം നിലയുടെ ഉദ്ഘാടനവും വനിതാ ഹോസ്റ്റലിന്റെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളജ് വികസനത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. ഈ ബജറ്റില്‍ ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒന്‍പതു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 4.47 കോടി രൂപ ചെലവില്‍ 20,500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പ്രധാന കെട്ടിടത്തിലെ മൂന്നാം നില നിര്‍മിച്ചിരിക്കുന്നത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കായിരുന്നു നിര്‍മാണ ചുമതല. അക്കാദമിക അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് വനിതാ ഹോസ്റ്റല്‍ നിര്‍മിക്കുന്നത്. 4.35 കോടി രൂപ ചെലവില്‍ 15,933 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നാലു നിലകളിലായാണ് വനിതാ ഹോസ്റ്റല്‍ നിര്‍മാണം. തൃശ്ശൂര്‍ ഡിസ്ട്രിക്‌ട് ലേബര്‍ കോണ്‍ട്രാക്‌ട് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനാണ് ഇതിന്റെ നിര്‍മ്മാണച്ചുമതല. കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

Related Articles

Back to top button