IndiaKeralaLatest

മഹേന്ദ്ര സിംഗ് ധോണിക്ക് നരേന്ദ്ര മോദിയുടെ കത്ത്

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ധോണിയുടെ തീരുമാനത്തില്‍ 130 കോടി ഇന്ത്യക്കാരും ദു:ഖിതരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അപ്രതീക്ഷിതമായ തീരുമാനങ്ങളെടുക്കുന്ന ധോണി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

വിരമിക്കല്‍ പ്രഖ്യാപിച്ചതിനോടൊപ്പം പങ്കുവെച്ച വീഡിയോയാണ് രാജ്യം ഏറെ ചര്‍ച്ച ചെയ്തത്. ധോണിയുടെ കരിയറിലെ കണക്കുകള്‍ അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാക്കുന്നു. ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയെ നയിച്ച മികച്ച നായകന്‍മാരിലും ബാറ്റ്‌സ്മാന്‍മാരിലും ഒരാളെന്നാണ് പ്രധാനമന്ത്രി ധോണിയെ വിശേഷിപ്പിച്ചത്. ക്രിക്കറ്റ് ലോകം കണ്ട മികച്ച വിക്കറ്റ് കീപ്പറായിരുന്നു ധോണിയെന്ന് വ്യക്തമാക്കിയ മോദി 2007ലെ ലോകകപ്പ് വിജയത്തെയും ഓര്‍മ്മിച്ചു.

മത്സരങ്ങള്‍ അവസാനിപ്പിക്കുന്ന ധോണിയുടെ രീതിയെ പ്രധാനമന്ത്രി പ്രശംസിച്ചു. 2011ലെ ലോകകപ്പ് ഫൈനലാണ് ഇതിനായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതിലുള്ള ധോണിയുടെ മനസാന്നിദ്ധ്യവും ഒപ്പം സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും പ്രധാനമന്ത്രി കത്തില്‍ പരാമര്‍ശിച്ചു. വിഷമഘട്ടങ്ങളെ നേരിടുമ്പോള്‍ ഉള്ള ധോണിയുടെ ശാന്തത യുവാക്കള്‍ക്ക് മാതൃകയാണ്. ഇന്ത്യന്‍ സായുധ സേനയുമായുള്ള ധോണിയുടെ സഹകരണത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ധോണി സമ്മാനിച്ച അവിസ്മരണീയ നിമിഷങ്ങള്‍ തലമുറകളോളം നിലനില്‍ക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തിന് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു.

Related Articles

Back to top button