IndiaKeralaLatestThiruvananthapuram

ശമ്പള വര്‍ധനവ്; നഴ്‌സുമാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: വേതന വര്‍ധനവില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ നഴ്സുമാര്‍ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്ന് സമരത്തില്‍. 7 മെഡിക്കല്‍ കോളേജുകളില്‍ കൊവിഡ് ഡ്യൂട്ടിയിലുള്ളവരടക്കം 375 ജൂനിയര്‍ നഴ്സുമാരാണ് സമരം ചെയ്യുന്നത്. 6000 രൂപയില്‍ നിന്നും 2016ല്‍ 13900 രൂപയാക്കിയ സ്റ്റൈപ്പന്‍ഡ് പിന്നീടിതുവരെ പുതുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

അതേസമയം ഇവരുടെ വേതനം പുതുക്കുന്നതില്‍ ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെയാണ് സമരമെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. നഴ്സിംഗ് കോഴ്സിലെ ബോണ്ടിന്റെ ഭാഗമായുള്ള നിര്‍ബന്ധിത സേവനമാണെന്നിരിക്കെ സമരം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

എറണാകുളം മെഡിക്കല്‍ കോളേജില്‍ 40 ഓളം ജൂനിയര്‍ നഴ്സുമാരാണ് ജോലിയില്‍ നിന്നും വിട്ടുനിന്ന് സമരം ചെയ്യുന്നത്. സ്റ്റാഫ് നഴ്സിന് നല്‍കുന്ന അടിസ്ഥാന വേതനമെങ്കിലും അതേ ജോലി ചെയ്യുന്ന ജൂനിയര്‍ നഴ്സുമാര്‍ക്ക് നല്‍കണമെന്നാണ് സമരത്തിലുള്ളവരുടെ ആവശ്യം. സമരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരം കണക്കിലെടുത്ത് സ്റ്റാഫ് നഴ്സുമാരുടെ ജോലി പുനര്‍ ക്രമീകരിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് വ്യക്തമാക്കി. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക.

Related Articles

Back to top button