IndiaLatest

സർക്കാർ സ്ഥാപനങ്ങളിൽ ആളില്ലാ കസേരകൾക്ക് വിട

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: സർക്കാർ ജീവനക്കാര്‍ക്കിടയിലെ അഴിമതിക്കാര്‍ക്കും കൈക്കൂലിക്കാര്‍ക്കും നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി സര്‍വീസില്‍ നിന്ന് മാറ്റിനിറുത്തുമെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്.

സിവില്‍ സര്‍വീസില്‍ ഉള്‍പ്പടെ കളങ്കിത വ്യക്തിത്വങ്ങളെ ഒഴിവാക്കി ഉദ്യോഗസ്ഥരെ പരമാവധി ശുദ്ധീകരിക്കുകയാണ് ലക്ഷ്യം.

വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ചട്ടപ്രകാരം നല്കും എന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചുവപ്പുനാട ഇല്ലാതാക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകാനും പുതിയ തീരുമാനം വഴിയൊരുക്കും. നിലവിലെ ചട്ടങ്ങള്‍ ക്രോഡീകരിച്ചാണ് ഉത്തരവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

നിശ്ചിത കാലളവില്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷമാകും ആര്‍ക്കൊക്കെ വിരമിക്കല്‍ നല്‍കണമെന്ന് തീരുമാനിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ചുവരെയുളള പ്രവര്‍ത്തന മികവായിരിക്കും ആദ്യം വിലയിരുത്തുക. തുടര്‍ന്ന് ഏപ്രില്‍ മുതല്‍ ജൂണ്‍വരെയും ജൂലായ് മുതല്‍ സെപ്തംബര്‍ വരെയും, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെയും വിലയിരുത്തല്‍ നടക്കും.
എല്ലാവര്‍ഷവും ഇത്തരത്തില്‍ വിലയിരുത്തലുണ്ടാവും.

അഴിമതി, കൈക്കൂലി ആരോപണങ്ങള്‍ നേരിട്ടവര്‍ക്ക് ആദ്യം തന്നെ ‘നിര്‍ബന്ധിത വിരമിക്കല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് കേന്ദ്രത്തിന്റെ മാർഗനിർദേശം പുറത്തുവന്നത്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരോട് 50 വയസ് കഴിയുമ്പോള്‍ വിരമിക്കാന്‍ ആവശ്യപ്പെടാം എന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. മറ്റുളളവരോട് 55 വയസ് കഴിയുമ്പോഴും വിരമിക്കാന്‍ ആവശ്യപ്പെടും. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രായം നോക്കാതെ ഇത് ബാധകമാക്കാം. ഇത്തരക്കാരുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ വകുപ്പുമേധാവികള്‍ക്ക് ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോപണവിധേയരുടെ വിവരങ്ങളും ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്

Related Articles

Back to top button