IndiaLatest

പരീക്ഷയില്‍ ക്രമക്കേട് ; 10 വര്‍ഷം തടവും ഒരു കോടി പിഴയും

“Manju”

ന്യൂഡല്‍ഹി: ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്‍ ഇന്ന് ലോക്സഭയില്‍. മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് 10 വർഷം വരെ തടവുശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് അവതരിപ്പിക്കുക. യുപിഎസ്‌സി, എസ്‌എസ്‌സി, റെയില്‍വേ, നീറ്റ്, ജെഇഇ, സിയുഇടി എന്നിവയുള്‍പ്പെടെ വിവിധ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.

ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റൻഡ് കമ്മീഷണർ പദവിയില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥരാകണം ഇത്തരം കേസുകള്‍‍ അന്വേഷിക്കണ്ടതെന്നും ബില്ലില്‍ പരാമർ‌ശിക്കുന്നു. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് കൈമാറാൻ‌ കേന്ദ്രസർക്കാരിനും അധികാരമുണ്ടാകും. ആള്‍മാറാട്ടം, ഉത്തരക്കടലാസുകളില്‍ കൃത്രിമം കാണിക്കല്‍, രേഖകളില്‍ കൃത്രിമം കാണിക്കല്‍, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവയുള്‍പ്പെടെ 20 കുറ്റകൃത്യങ്ങളും ബന്ധപ്പെട്ടവയുമാണ് ബില്ലിന് കീഴില്‍ വരിക.

പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമെന്ന് കണ്ടെത്തിയാല്‍ അഞ്ച് മുതല്‍ പത്ത് വർഷം വരെ തടവ് ലഭിക്കും. ഒരു കോടിയില്‍ കുറയാത്ത പിഴയും ലഭിക്കും. ഏതെങ്കിലും സ്ഥാപനമാണ് ക്രമക്കേട് കാണിക്കുന്നതെങ്കില്‍ അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ സുരക്ഷിതമാക്കുന്നതിനും സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും ഇലക്‌ട്രോണിക് നിരീക്ഷണം നടപ്പിലാക്കുന്നതിനുമായി ഉന്നതതല ദേശീയ സാങ്കേതിക സമിതി രൂപീകരിക്കാനും ബില്ലില്‍ നിർദ്ദേശമുണ്ട്. പരീക്ഷകളെ കുറിച്ചുള്ള യുവാക്കളുടെ ആശങ്കകളെ കുറിച്ചും അവ സർക്കാർ ശ്രദ്ധിക്കുന്നുണ്ടെന്നും രാഷ്‌ട്രപതി കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമർശിച്ചിരുന്നു. ഇത്തരം ദുഷ്പ്രവണതകള്‍ക്ക് വിലങ്ങ് ഇടാനുള്ള സർക്കാരിന്റെ ചുവടുവെപ്പാകും ബില്‍.

Related Articles

Back to top button