IndiaLatest

ട്രസ്റ്റുകൾക്ക് കളങ്കിതരുടെ സംഭാവന; കോൺഗ്രസിനെതിരെ വീണ്ടും ഠാക്കൂർ

“Manju”

‌ന്യൂഡൽഹി • കോൺഗ്രസ് പാർട്ടിക്കു നേതൃത്വം നൽകുന്ന കുടുംബത്തിന്റെ വിവിധ ട്രസ്റ്റുകൾ വിവാദ പ്രഭാഷകൻ സാക്കിർ നായ്ക്കിൽ നിന്നും ചൈനീസ് കമ്പനികളിൽ നിന്നും പണം സ്വീകരിക്കുകയും ക്രിസ്ത്യൻ മിഷനറിമാർക്കു പണം നൽകുകയും ചെയ്തുവെന്ന് ലോക്സഭയിൽ മന്ത്രി അനുരാഗ് ഠാക്കൂർ ആരോപിച്ചു. തുടർന്ന് സഭയിൽ കോൺഗ്രസ് അംഗങ്ങളും മന്ത്രിയുമായി വാക്കുതർക്കമുണ്ടായി. നികുതിയിളവ് നിയമഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടയിലായിരുന്നു മന്ത്രിയുടെ ആരോപണം.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷനു 2005 മുതൽ 2010 വരെ കോടിക്കണക്കിനു രൂപ നൽകി. മേഹുൽ ചോക്സിയും യെസ് ബാങ്ക് മേധാവിയും ഉൾപ്പെടെയുള്ളവരിൽ നിന്നു ട്രസ്റ്റുകൾ പണം വാങ്ങിയിട്ടുണ്ട്. ഈ പണം വേൾഡ് വിഷനടക്കമുള്ള സംഘടനകൾക്കു നൽകുകയും ചെയ്തുവെന്ന് ഠാക്കൂർ പറഞ്ഞു.

സർക്കാർ ഫണ്ടുകളെടുത്താണ് രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി റിലീഫ് ഫണ്ട്, കമല നെഹ്റു ഫൗണ്ടേഷൻ തുടങ്ങിയ ട്രസ്റ്റുകൾക്കും നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. കോൺഗ്രസ് പാർട്ടി പ്രസിഡന്റ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി അടക്കം എല്ലാ ട്രസ്റ്റുകളിലും അംഗമാണ്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒരു കുടുംബം കയ്യടക്കി വച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സഭയിൽ ഇല്ലാത്തവരെക്കുറിച്ച് ആക്ഷേപമുന്നയിക്കരുതെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും ‍ഡപ്യൂട്ടി ലീഡർ ഗൗരവ് ഗൊഗോയിയും പറഞ്ഞു. പിഎം കെയേഴ്സ് ഫണ്ട് ഓഡിറ്റ് പോലും വേണ്ടാത്ത രീതിയിൽ കയ്യടക്കി വച്ചിരിക്കുന്നത് എന്തിനാണ്? സാക്കിർ നായ്ക്കിൽ നിന്നു ലഭിച്ച 50 ലക്ഷം രാജീവ് ഫൗണ്ടേഷൻ തിരിച്ചുകൊടുത്തതായി ഗൗരവ് ഗൊഗോയ് പറഞ്ഞു. ടിക് ടോക് അടക്കമുള്ള ചൈനീസ് കമ്പനികളി‍ൽ നിന്നു വാങ്ങിയ പണം തിരിച്ചുകൊടുക്കാനോ കണക്കുകൾ പരസ്യമായി പറയാനോ കേന്ദ്രസർക്കാരിനു ധൈര്യമുണ്ടോയെന്നും നേതാക്കൾ ചോദിച്ചു.

• ഞാൻ ഹിമാചലിന്റെ പുത്രനാണ്. ഹിമാചലിലെ കുട്ടികളുടെ ധീരത പ്രസിദ്ധമാണ്. ഇങ്ങനെ പേടിപ്പിക്കാൻ ശ്രമിച്ചാലൊന്നും പേടിക്കില്ല.

–അനുരാഗ് ഠാക്കൂർ, ധനസഹമന്ത്രി

• നെഹ്റുവിന്റെ മഹത്വത്തെക്കുറിച്ച് മുൻ പ്രധാനമന്ത്രി വാജ്പേയി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ആ മഹത്വം ഹിമാചലിൽ നിന്നു വന്ന കുട്ടിക്കു മനസ്സിലാകണമെന്നില്ല.

–അധീർ രഞ്ജൻ ചൗധരി (കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് )

Related Articles

Back to top button