Kerala

വല വീശി പെൺകെണി, സൂക്ഷിച്ചാൽ ദുഖിക്കേണ്ട!!!

“Manju”

കൊച്ചി• പ്രണയം നടിച്ചും പ്രലോഭിപ്പിച്ചും പണം തട്ടുന്ന സംഘങ്ങൾ കേരളത്തിൽ സജീവമാകുന്നു. ഒന്നരമാസത്തിനിടെ എറണാകുളം ജില്ലയില്‍ മാത്രം മൂന്നു ഹണിട്രാപ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയം ഉൾപ്പെടെയുള്ള മറ്റുജില്ലകളിലും സമാന സംഭവങ്ങളിൽ അറസ്റ്റുണ്ടായി. കൊല്ലം ആയൂർ ഇളമാട് സ്വദേശി ദിവ‌ാകരൻ നായരെ (64) ബ്രഹ്മപുരത്തു വഴിയരികിൽ കൊന്നുതള്ളിയ സംഭവത്തിലും പ്രതികൾ ഇരയെ കുടുക്കിയത് ഹണിട്രാപ് മാതൃകയിലാണെന്നു െപാലീസ് കണ്ടെത്തിയിരുന്നു.

ഏതാനും വര്‍ഷങ്ങൾക്ക് മുൻപു വരെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നടന്നിരുന്ന ഹണിട്രാപ് തട്ടിപ്പുകള്‍ കേരളത്തിലും വേരുറപ്പിച്ചു കഴിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. സമൂഹമാധ്യമങ്ങളിലൂടെ നിങ്ങളെ തേടിയെത്തുന്ന സുഹൃത്തുക്കള്‍ക്കുമുന്നില്‍ ജാഗ്രത പുലര്‍ത്തുകയാണ് ഈ തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള വഴിയെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

കേരളത്തിൽ ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്ത പെൺകെണി കേസിൽ ഇടപ്പള്ളി സ്വദേശിയായ 19കാരനാണ് തട്ടിപ്പിന് ഇരയായത്. നവംബർ 13 നാണ് പ്രതികൾ പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ 19കാരനെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് തട്ടിപ്പിന് ഇരയാക്കിയ സംഭവത്തിൽ യുവതി ഉൾപ്പടെ 2 പേരായിരുന്നു പ്രതികൾ. കൊല്ലം സ്വദേശിനി റിസ്വാന (24), കുന്നുംപുറം സ്വദേശി അൽത്താഫ് (21) എന്നിവരെയാണ് ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടപ്പള്ളി സ്വദേശിയായ 19കാരനെ ഇവർ താമസിക്കുന്ന ചേരാനല്ലൂരിലുള്ള വാടക വീട്ടിൽ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും സ്വർണ മാലയും തട്ടിയെടുക്കുകയുമായിരുന്നു. യുവാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

കളമശേരിയിൽ ഹണിട്രാപ്പിൽപെടുത്തി ഡോക്ടറിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സ്ത്രീയടക്കം 3 പേർ പിടിയിലായത് ഈ മാസം ആദ്യമാണ്. അനുപമ (22), റോഷ്‌വിൻ (23), ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങൾ പറയുന്നതിന് ഡോ.ജേക്കബ് ഈപ്പനെ കേസിലെ പ്രധാനപ്രതി അജ്മൽ ഇടപ്പള്ളിയിലേക്കു വിളിച്ചുവരുത്തി. അജ്മൽ പുറത്തിറങ്ങിയ സമയം മറ്റുള്ളവർ തോക്കും ചുറ്റികയും കാണിച്ച് ഭീഷണിപ്പെടുത്തി. ഡോക്ടറെ കിടപ്പുമുറിയിൽ കൊണ്ടുപോയി നിർബന്ധിച്ച് വിവസ്ത്രനാക്കി അനുപമയെ ഒപ്പം നിർത്തി ഫോട്ടോയും വിഡിയോയും എടുത്തു. 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഡോക്ടറുടെ ബന്ധുക്കൾക്കു ഫോട്ടോയും വിഡിയോയും അയച്ചുകൊടുക്കുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെ‌ടുത്തിയെന്നും പൊലീസ് പറഞ്ഞു.

മൂവാറ്റുപുഴയിലെ കടയുടമയെ ഹണി ട്രാപ്പിൽ കുടക്കി പണം തട്ടിയ കേസിൽ ഇഞ്ചത്തൊട്ടി മുളയംകോട്ടില്‍ ആര്യ (25) ആണ് കേസിലെ പ്രധാനപ്രതി. ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടുകയായിരുന്നു ആര്യയുടെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. സഥാപന ഉടമയെ ആര്യ രാത്രി കോതമംഗലത്തെ ലോഡ്ജിലേക്കു വശീകരിച്ച് വിളിച്ചുവരുത്തി. ലോഡ്ജിലെത്തിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

ആര്യയും സ്ഥാപന ഉടമയും ഇരുന്ന മുറിയിലേക്ക് ആര്യയുടെ രണ്ട് സുഹൃത്തുക്കള്‍ എത്തി. ഇവര്‍ സ്ഥാപന ഉടമയെ അര്‍ധ നഗ്നനാക്കി ആര്യയുമായി ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി. ഇവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി.

ഭയന്നുവിറച്ച യുവാവിനോടു നാല് ലക്ഷം രൂപ ആവശ്യപ്പെട്ടു കയ്യില്‍ പണം ഇല്ലെന്ന് അറിയിച്ചപ്പോൾ യുവാവ് വന്ന കാറില്‍ കയറ്റി കൊണ്ടുപോയി. ആര്യയെ വീട്ടിലിറക്കി. യാത്രാമധ്യേ 3 പേര്‍കൂടി കാറില്‍ കയറി. യുവാവിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 35,000 പിന്‍വലിച്ചു.

കോട്ടപ്പടി കോളജിനു സമീപമെത്തിയപ്പോള്‍ സ്ഥാപന ഉടമ മൂത്രമൊഴിക്കാനെന്ന വ്യാജേനെ കാറില്‍ നിന്നിറങ്ങി. നാട്ടുകാരെ വിളിച്ചുവരുത്തി. അതോടെ നാട്ടുകാര്‍ ചേര്‍ന്ന് പ്രതികളെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ആര്യയെയും സുഹൃത്ത് കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിനെയും നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. യാസിന്‍, ആസിഫ്, റിസ്‍വാന്‍ എന്നീ മൂന്ന് പേർ കൂടി സംഭവത്തിൽ അറസ്റ്റിലായി.

കൊല്ലം ആയൂർ ഇളമാട് സ്വദേശി ദിവ‌ാകരൻ നായരെ (64) ബ്രഹ്മപുരത്തു വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തി. വസ്തു തർക്കത്തെത്തുടർന്നുള്ള കൊലപാതകമാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹണിട്രാപ് മാതൃകയിൽ ദിവാകരൻ നായരെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി മർദിച്ചു കൊന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ദിവാകരൻ നായരുടെ സഹോദരന്റെ മരുമകളുടെ പിതാവായ കോട്ടയം പൊൻകുന്നം കായപ്പാക്കൻ വീട്ടിൽ അനിൽകുമാർ (45), ഇയാളുടെ സുഹൃത്തും തടിക്കച്ചവടത്തിലെ പങ്കാളിയുമായ കോട്ടയം ചിറക്കടവ് പച്ചിമല പന്നമറ്റം കരയിൽ ചരളയിൽ വീട്ടിൽ സി.എസ്.രാജേഷ് (37), കോട്ടയം ആലിക്കൽ അകലക്കുന്നം കിഴക്കടം കണ്ണമല വീട്ടിൽ സഞ്ജയ് (23), രാജേഷിന്റെ വനിതാസുഹൃത്ത് കൊല്ലം കുമിൾ കുഴിപ്പാറ തൃക്കണാപുരം ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്.

ഷാനിഫ മലപ്പുറത്ത് ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. അനിൽകുമാർ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഷാനിഫയുടെ സഹായത്തോടെ പെൺകെണിയൊരുക്കി ദിവാകരൻ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി വാഹനത്തിൽ വച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികിൽ തള്ളുകയായിരുന്നു.

ഇനിയും രജിസ്റ്റർ ചെയ്യപ്പെടാത്ത, അപമാനം ഭയന്ന് പുറത്തു പറയാത്ത നിരവധി കേസുകൾ ഉണ്ടാവാം.. ഒന്ന് സൂക്ഷിച്ചാൽ ദുഖിക്കാതെ ഇരിക്കാം.. കൊലപാതകത്തിലേക്ക് വരെ എത്തുന്ന ദുരന്തങ്ങളിൽ ചെന്ന് ചാടാതെയിരിക്കാം. പരിചയമില്ലാത്ത ഒരു ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുമ്പോൾ, സമയം പോകുവാൻ അൽപ്പം നേരം ചാറ്റ് ചെയ്യുമ്പോൾ ചിലപ്പോൾ നഷ്ടപ്പെടുത്തേണ്ടി വരുന്നത് സ്വന്തം ജീവനും ജീവിതവും ആയിരിക്കും.

Related Articles

Back to top button