KeralaLatest

ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല, കസ്റ്റഡിയിലും നൽകില്ല; ആശുപത്രിയിൽ ചോദ്യം ചെയ്യാം

“Manju”

മൂവാറ്റുപുഴ • പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ നൽകില്ലെന്ന തീരുമാനത്തിൽ മാറ്റമില്ല. അഞ്ചു മണിക്കൂർ ആശുപത്രിയിൽ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് അനുമതി നൽകി.

ആശുപത്രിയിൽ രാവില 9 മുതൽ 12 മണി വരെയും വൈകിട്ട് 3 മുതൽ 5 വരെയും ചോദ്യം ചെയ്യാനാണ് അനുവദിച്ചിരിക്കുന്നത്. ഓരോ മണിക്കൂറിലും 15 മിനിറ്റ് ഇടവേള നൽകണം. ഉദ്യോഗസ്ഥർ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ച ശേഷം വേണം ചോദ്യം ചെയ്യാൻ എത്തേണ്ടത്. ചോദ്യം ചെയ്യലിനിടെ ഇബ്രാഹിംകുഞ്ഞിന് ഡോക്ടറുടെ സേവനം ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.

തന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും സാമ്പത്തിക അഴിമതി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കാണിച്ചായിരുന്നു ഇബ്രാഹിംകുഞ്ഞ് വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞ് മൊബിലൈസേഷൻ അനുവദിച്ചതിലൂടെ കരാറുകാരന് നേട്ടമുണ്ടായതായി വിജിലൻസ് കോടതിയിൽ വാദിച്ചു. ടെൻഡറിൽ ഇല്ലാതിരുന്ന മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ വ്യവസ്ഥ ഇല്ലാതിരിക്കെ ഇതു ചെയ്തതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കുമെന്ന് വിജിലൻസ് വാദിച്ചു.

ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപയ്ക്ക് ആദായനികുതി വകുപ്പിൽ പിഴയൊടുക്കിയിട്ടുണ്ട്. പിഴ അടച്ചതുകൊണ്ട് മാത്രം അത് അഴിമതിപ്പണം അല്ലാതാകുന്നില്ല. ഒന്നാം പ്രതി സുമിത് ഗോയൽ ഉടമയായ കമ്പനിക്ക് കരാർ നൽകിയതിൽ ഗൂഢാലോചനയുണ്ട്. അതുകൊണ്ടു തന്നെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു വിജിലൻസ് വാദം.

ഇന്നലെ കേസിൽ വാദം കേട്ടെങ്കിലും വിധി പറയൽ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഇബ്രാഹിം കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം വിജിലൻസ് പിൻവലിച്ചിരുന്നു.

Related Articles

Back to top button