Uncategorized

കല്ലുകൾ വിഴുങ്ങി ഭാഗ്യമത്സ്യം, ഒന്നര മണിക്കൂറുകൊണ്ട് പുറത്തെടുത്തത് 21 കല്ലുകൾ

“Manju”

അക്വേറിയത്തിൽ എട്ടു വർഷമായി വളരുന്ന അരോണ മത്സ്യത്തിന്റെ വയർ അസ്വാഭാവികമായി വീർത്തുവന്നതും അതുമൂലം അതിന് നീന്താൻ കഴിയാതെ വന്നതും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിജു ജോൺ സുഹൃത്തും പെരുവണ്ണാമൂഴി ഐസിഎആർ കൃഷിവിജ്ഞാൻ കേന്ദ്രയിലെ ഫിഷറീസ് സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റുമായ ഡോ. ബി. പ്രദീപിന്റെ സഹായം തേടുന്നത്.

വയർ പെരുപ്പം എന്ന അവസ്ഥയോ അർബുദമോ ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും മത്സ്യത്തെ പുറത്തെടുത്തു പരിശോധിച്ചപ്പോൾത്തന്നെ അക്വേറിയത്തിൽ അഴകിനായി നിരത്തിയ കല്ലുകൾ അകത്തു ചെന്നിട്ടുണ്ടെന്നു മനസിലായി. വർഷങ്ങളായി ചെറു സ്വർണമത്സ്യങ്ങളെയായിരുന്നു ഈ മത്സ്യത്തിന് ഭക്ഷണമായി നൽകിയിരുന്നത്. ചെറു മത്സ്യങ്ങളെ ആക്രമിച്ചു പിടികൂടി ഭക്ഷിക്കുന്നവരാണ് അരോണകൾ. ശരീരം പ്രത്യേക രീതിയിൽ വളച്ച് ശരവേഗത്തിലാണ് ഇവ ഇരയെ വായിലാക്കുക. ഇത്തരത്തിൽ പിടികൂടുന്ന സമയത്ത് ഇരയ്ക്കൊപ്പം വായ്ക്കുള്ളിൽ മറ്റെന്തെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അത് പുറത്തേക്ക് തുപ്പിക്കളയാനും അരോണയ്ക്ക് പ്രത്യേക കഴിവുണ്ട്. എന്നാൽ, ഉരുണ്ടതും മിനുസമേറിയതുമായ അലങ്കാരക്കല്ലുകൾ ഒരുപക്ഷേ അതിന് പുറത്തേക്കു തുപ്പിക്കളയാൻ കഴിയാത്തതാകാം ഇത്തരത്തിലൊരു അവസ്ഥയിലേക്കെത്താൻ കാരണമായതെന്ന് കരുതുന്നതായി ഡോ. ബി. പ്രദീപ് പറയുന്നു.

കല്ലുകളുടെ ഭാരം നിമിത്തം മത്സ്യത്തിന് നീന്താനോ ഭക്ഷണമെടുക്കാനോ കഴിയാത്ത സാഹചര്യവും വന്നിരുന്നു. മാത്രമല്ല ശരീരം വളയുകയും ചെയ്തു.

മത്സ്യത്തെ മയക്കിയാണ് ഓരോ കല്ലും വായിലൂടെ പുറത്തെടുത്തത്. കൂടുതൽ സമയം വെള്ളത്തിനു പുറത്ത് വയ്ക്കാൻ കഴിയില്ലാത്തതിനാൽ ഇടയ്ക്കിടെ വെള്ളത്തിലേക്കു മാറ്റുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഏകദേശം ഒന്നര മണിക്കൂർ സമയമെടുത്താണ് 21 കല്ലുകളും പുറത്തെടുത്തതെന്ന് ഡോ. പ്രദീപ്. കല്ലുകൾ പുറത്തെടുത്തതിനെത്തുടർന്ന് എന്തെങ്കിലും വിധത്തിലുള്ള അണുബാധ ഉണ്ടാവാതിരിക്കാൻ ഒരു ഡോസ് ആന്റിബയോട്ടിക് മരുന്നും വെള്ളത്തിൽ കലക്കിയിരുന്നു. പ്രശ്നം ഗുരുതരമാണെന്നും രക്ഷപ്പെടാൻ സാധ്യത കുറവാണെന്നും ധരിപ്പിച്ചപ്പോൾ പരിശ്രമിക്കാതെ മരണത്തിന് വിട്ടുകൊടുക്കാൻ മനസ് അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഫാ. ബിജു ജോൺ നൽകിയ ധൈര്യാണ് തനിപ്പ് പ്രചോദനമായതെന്നും ഡോ. പ്രദീപ് പറയുന്നു.

ഈ മാസം 21നായിരുന്നു അരോണയുടെ വയറ്റിൽനിന്ന് കല്ലുകൾ നീക്കം ചെയ്തത്. മത്സ്യമിപ്പോൾ ചുറുചുറുക്കോടെയും ആരോഗ്യത്തോടെയും നീന്തിത്തുടങ്ങി. ചെറിയ രീതിയിൽ ഭക്ഷണം എടുത്തുതുടങ്ങുകയും ചെയ്തിട്ടുണ്ട്.

ഓരോ മത്സ്യത്തിനും പ്രത്യേകം പ്രത്യേകം സ്വഭാവരീതികളാണുള്ളത്. അതുകൊണ്ടുതന്നെ അക്വേറിയം ഒരുക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. പ്രത്യേകിച്ച് അക്വേറിയങ്ങളിൽ കല്ലുകൾ, പ്ലാസ്റ്റിക് ചെടികൾ, മണൽ മുതലായവ ഉപയോഗിക്കുമ്പോൾ. വലിയ മത്സ്യങ്ങളുള്ള ടാങ്കുകളിൽ കല്ല്, മണൽ, സസ്യങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുന്നതാണ് നന്ന്.

Related Articles

Back to top button