Kottayam

അക്ഷര നഗരിയിൽ ഫാഷന്റെ ലോകം തുറന്ന് ‘വേൾഡ് ഓഫ് വീവ്സ്’

“Manju”

കോട്ടയം :ഇന്ത്യയിലെ ഏറ്റവും മികച്ച കൈത്തറി ബ്രാന്‍ഡുകള്‍ പരിചയപ്പെടുത്തുന്ന വേള്‍ഡ് ഓഫ് വീവ്‌സ് ഫാഷന്‍ എക്‌സ്‌പോയ്ക്ക് കോട്ടയത്ത് തുടക്കം. ബോട്ട് സോങ് ഫാഷന്‍ സ്റ്റോറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ ഫാഷന്‍ മാമാങ്കത്തില്‍ ദേശീയ തലത്തില്‍ പ്രമുഖരായ എട്ട് ഫാഷന്‍ ഡിസൈനര്‍മാരാണ് അണിനിരക്കുന്നത്. കോട്ടയം മനോരമ ജംഗ്ഷനിലുള്ള ജാക്ക്‌സണ്‍സ് ബില്‍ഡിങ്ങിലുള്ള ബോട്ട് സോങ്ങില്‍ നവംബര്‍ 26 മുതല്‍ 29 വരെ വരെയാണ് പ്രദര്‍ശനം. സമയം രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറു മണി വരെ.

ഇന്ത്യയിലെ കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സേവ് ദ് ലൂമിന്റെ സംരംഭമാണ് വേള്‍ഡ് ഓഫ് വീവ്‌സ്. കേരളത്തിനകത്തും പുറത്തുമുള്ള നഗരങ്ങളില്‍ ഇന്ത്യന്‍ കൈത്തറി വസ്ത്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ സഞ്ചരിക്കുന്ന എക്‌സ്‌പോയുടെ ലക്ഷ്യം.

ഫാഷന്‍ ഡിസൈനര്‍മാരായ ഗൗരവ് ജയ് ഗുപ്ത, ദിവ്യം മേഹ്ത, പ്രിയദര്‍ശിനി റാവു, പ്രതിമ പാണ്ഡേ, ജോയ് മിത്ര, രുചി ത്രിപാഠി, ജയ ഭട്ട് എന്നിവര്‍ക്കൊപ്പം വസ്ത്ര, ജ്വല്ലറി ബ്രാന്‍ഡുകളായ അകാരോ, പ്രാമ, ഇന്‍ഡിജീന്‍, മൈന്‍ ഓഫ് ഡിസൈന്‍, സരിന്‍ എന്നിവരാണ് പ്രദര്‍ശനത്തില്‍ അണിനിരക്കുന്നത്.

കോവിഡ് മഹാമാരിക്ക് ശേഷം ചില്ലറ വ്യാപാര മേഖലയിലേക്ക് ഉപഭോക്താക്കളെ തിരിച്ചെത്തിക്കുക കൂടിയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. ലോകോത്തര ഫാഷന്‍ വീക്കുകളിലും വ്യാപാര മേളകളിലും നിറ സാന്നിധ്യമായ ഈ ബ്രാന്‍ഡുകള്‍ കാണാനും പരിചയപ്പെടാനുമുള്ള അവസരമാണ് കോട്ടയം നിവാസികള്‍ക്ക് പ്രദര്‍ശനത്തിലൂടെ ലഭിക്കുന്നത്.

കൈത്തറി വസ്ത്രങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ വിലപ്പെട്ട സമ്പത്താണെന്നും അവയെ സംരക്ഷിക്കാനും തളര്‍ച്ചയിലായ കൈത്തറി വ്യവസായത്തിന് സുസ്ഥിര ഭാവിയുണ്ടാക്കാനും നാം പ്രയത്‌നിക്കണമെന്നും സേവ് ദ ലൂം സ്ഥാപകനായ രമേഷ് മേനോന്‍ പറയുന്നു.

‘‘ജനങ്ങള്‍ കുറച്ച് യാത്ര ചെയ്യുകയും കടകള്‍ പലതും ദീര്‍ഘകാലത്തേക്ക് അടച്ചിടുകയും ചെയ്ത പരിതസ്ഥിതിയില്‍ ഇന്ത്യയുടെ സമ്പന്ന വസ്ത്ര പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന നൂതന ഫാഷന്‍ അനുഭവം കൈയ്യെത്തും ദൂരെ ലഭ്യമാക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം’’– ബോട്ട് സോങ് ഫാഷന്‍ ബ്രാന്‍ഡിന്റെ പ്രതിനിധി ദീപു പുരുഷോത്തമന്‍ വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങള്‍ പൂർണമായും പാലിച്ച് സുരക്ഷ ഉറപ്പാക്കി കൊണ്ടാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

 

Related Articles

Back to top button