KeralaLatest

വോട്ടിംഗ് യന്ത്രം: വിതരണത്തിനുള്ള സമയക്രമം നിശ്ചയിച്ചു

“Manju”

തിരുവനന്തപുരം :മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണത്തിനും കാന്‍റിഡേറ്റ് സെറ്റിംഗിനും (വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് പതിക്കല്‍) സമയക്രമം നിശ്ചയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു

ഡിസംബര്‍ എട്ടിന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലായി നടക്കും. വോട്ടിംഗ് യന്ത്രം അതാത് ജില്ലാ കളക്ടര്‍മാരില്‍ നിന്നും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. ഡിസംബര്‍ നാല്, അഞ്ച് തിയതികളില്‍ വോട്ടിംഗ് യന്ത്രത്തില്‍ കാന്‍റിഡേറ്റ് സെറ്റിംഗ് നടത്തും. ഡിസംബര്‍ ഏഴിന് വോട്ടിംഗ് യന്ത്രവും പോളിംഗ് സാധനങ്ങളും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.
ഡിസംബര്‍ 10ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഡിസംബര്‍ നാല്, അഞ്ച് തിയതികളില്‍ നടക്കും. കാന്‍റിഡേറ്റ് സെറ്റിംഗ് നടത്തുക ഡിസംബര്‍ ആറ്, ഏഴ് തിയതികളിലായിരിക്കും. വോട്ടിംഗ് യന്ത്രവും പോളിംഗ് സാധനങ്ങളും ഡിസംബര്‍ ഒന്‍പതിന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.
ഡിസംബര്‍ 14ന് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഡിസംബര്‍ എട്ട്, ഒന്‍പത് തിയതികളില്‍ നടക്കും. ഡിസംബര്‍ 10, 11 തിയതികളില്‍ കാന്‍റിഡേറ്റ് സെറ്റിംഗ് നടത്തും. വോട്ടിംഗ് യന്ത്രവും പോളിംഗ് സാധനങ്ങളും ഡിസംബര്‍ 13ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും തിരികെ വാങ്ങുന്നതിനുമുള്ള ചുമതല പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ അതാത് സെക്രട്ടറിമാര്‍ക്കുമാണ്. വരണാധികാരികളുടെ നേതൃത്വത്തിലായിരിക്കും കാന്‍റിഡേറ്റ് സെറ്റിംഗ് നടത്തുക. രണ്ടുപേര്‍ വീതമുള്ള സംഘത്തെയാണ് കാന്‍റിഡേറ്റ് സെറ്റിംഗിനായി നിയോഗിക്കുന്നത്. ഓരോ സംഘത്തിനും നിശ്ചിത എണ്ണം വാര്‍ഡുകളുടെ ചുമതല ഓരോ ദിവസവും നല്‍കും. കാന്‍റിഡേറ്റ് സെറ്റിംഗ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അതാത് വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും. പോളിംഗ് സാധനങ്ങളുടെ കിറ്റും വോട്ടിംഗ് യന്ത്രങ്ങളും മുന്‍കൂട്ടി നിശ്ചയിച്ച വാഹനങ്ങളില്‍ വിതരണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ഓരോ ബൂത്തിലേക്കും എത്തിക്കും.
വിതരണ – സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരെയും റൂട്ട് ഓഫീസര്‍മാരെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി നിയമിക്കണം. ഈ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടും ഉറപ്പാക്കണം.

Related Articles

Back to top button