KeralaLatest

പാദസരം ധരിക്കുന്ന സ്ത്രീകളെ ചുറ്റിപ്പറ്റി അന്വേഷണം; ഒടുവില്‍ ഘാതകനിലെത്തി – സുശീലയുടെ കൊലപാതകം പ്രതി പിടിയില്‍

“Manju”

പത്തനംതിട്ട: വോട്ടെണ്ണല്‍ ദിവസം പന്തളം ഇടയാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി ചാക്കിലാക്കി വഴിയിലുപേക്ഷിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാനും കൊലപാതകിയായ ഭര്‍ത്താവിനെ പിടികൂടാനും സഹായകമായത് മൃതദേഹത്തില്‍ കണ്ടെത്തിയ കൊലുസ്. കുരമ്പാല തെക്ക് പറയന്റയ്യത്ത് ഭാഗത്ത് താമസിച്ചു വന്ന അട്ടത്തോട് സ്വദേശിനിയായ സുശീലയുടെ (61) മൃതദേഹമാണ് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഇടയാടി ജംഗ്ഷന് സമീപമുളള ഹോട്ടലിന്റെ പിന്‍ഭാഗത്തെ ഉപറോഡില്‍ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കെട്ടഴിച്ച്‌ പരിശോധന നടത്തിയെങ്കിലും ആരും ഇവരെ തിരിച്ചറിഞ്ഞില്ല. അപ്പോഴേക്കും പൊലീസ് അടുത്തുള്ള പെട്രോള്‍ പമ്പിലെയും വീടുകളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു.

പന്തളം സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍ അമീഷിന്റെ സമയോചിതമായ ഇടപെടലാണ് മൃതദേഹം തിരിച്ചറിയാനും പ്രതിയെ രക്ഷപ്പെടുംമുമ്പ് പൊലീസിന്റെ വലയിലാക്കാനും സഹായിച്ചത്. മൃതദേഹത്തിന്റെ ഒരു കാലില്‍ ധരിച്ചിരുന്ന പാദസരമാണ് ഇവരെ തിരിച്ചറിയാന്‍ സഹായകമായത്. പ്രദേശത്ത് പാദസരം ധരിക്കുന്ന അറുപത് വയസ്‌ പ്രായം തോന്നിക്കുന്ന സ്ത്രീകളെ ചുറ്രിപ്പറ്റിയുളള അന്വേഷിക്കുകയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അമീഷ് നടത്തിയ പ്രചാരണവുമാണ് ഇവരെ തിരിച്ചറിയാന്‍ സഹായിച്ചത്. സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ച ഫോട്ടോയിലൂടെ കുരമ്പാല പറയന്റയ്യത്താണ് ഇവരുടെ വീടെന്ന് കണ്ടെത്തുകയായിരുന്നു.

വീട്ടില്‍ ആരെയും കാണാഞ്ഞതിനെ തുടര്‍ന്ന് അയല്‍വാസികളോട് അന്വേഷിച്ചു. ആ വീട്ടില്‍ താമസക്കാരായ ഭാര്യാഭര്‍ത്താക്കന്മാര്‍ സ്ഥിരമായി വഴക്കാണെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി. ഭര്‍ത്താവായ മധുസൂദനന്‍ ഉണ്ണിത്താനെ കണ്ടെത്താന്‍ സൈബര്‍ പൊലീസ് സഹായത്തോടെയുള്ള അന്വേഷണത്തിനൊടുവില്‍ ഇയാള്‍ അടൂരുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. ഇയാളുടെ ഫോണ്‍ നമ്ബരിന്റെ ടവര്‍ ലൊക്കേഷന്‍ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ബീറ്റ് ഓഫീസര്‍ എന്ന നിലയ്ക്ക് നാട്ടിലെ ആളുകളുമായുള്ള അമീഷിന്റെ ബന്ധം പ്രയോജനപ്പെടുത്താനായതാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്നും അന്വേഷണത്തില്‍ ഏര്‍പ്പെട്ട എല്ലാ പൊലീസുദ്യോഗസ്ഥരും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുവെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. മദ്യലഹരിയില്‍ പണത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

താന്‍ ഒറ്റയ്ക്കാണ് സുശീലയെകൊലപ്പെടുത്തിയതെന്നും ചാക്കില്‍കെട്ടി ഏതെങ്കിലും നദികളില്‍ തള്ളാന്‍ നടത്തിയ ശ്രമം വിജയിക്കാതെ പോയതിനാല്‍ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പിടിയിലായ മധുസൂദനന്‍ പൊലീസിനോട് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Related Articles

Back to top button