LatestSports

പൂജാരയെ നീക്കി; രോഹിത് ശർമ ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകൻ!

“Manju”

സിഡ്നി∙ പരുക്കു ഭേദമായി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരികെയെത്തിയ രോഹിത് ശർമയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. ചേതേശ്വർ പൂജാരയെ നീക്കിയാണ് ഉപനായക സ്ഥാനം രോഹിത്തിന് നൽകിയത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ വിരാട് കോലിക്കു പകരം മെൽബണിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത് അജിൻക്യ രഹാനെയായിരുന്നു. ഉപനായകൻ ചേതേശ്വർ പൂജാരയും. രോഹിത് ശർമ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് പൂജാരയ്ക്ക് ഉപനായക സ്ഥാനം നഷ്ടമായത്. ജനുവരി ഏഴിന് സിഡ്നിയിൽ ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രഹാനെയ്ക്കൊപ്പം ഉപനായകനായി രോഹിത്തുമുണ്ടാകും.

അതേസമയം, ഉപനായക സ്ഥാനത്തുനിന്ന് ചേതേശ്വർ പൂജാരയെ നീക്കിയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു ബിസിസിഐ പ്രതിനിധി പ്രതികരിച്ചു. പരുക്കു ഭേദമായി ടീമിൽ തിരിച്ചെത്തിയാൽ രോഹിത് ശർമയാകും വൈസ് ക്യാപ്റ്റനെന്ന കാര്യം ടീം മാനേജ്മെന്റ് നേരത്തേതന്നെ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘വിരാട് കോലി നാട്ടിലേക്കു മടങ്ങുകയും അജിൻക്യ രഹാനെ ക്യാപ്റ്റനായി ഉയർത്തപ്പെടുകയും ചെയ്യുമ്പോള്‍ ആരാകും വൈസ് ക്യാപ്റ്റനെന്ന കാര്യത്തിൽ ഒരു സംശയത്തിനും ഇടയുണ്ടായിട്ടില്ല. തീർച്ചയായും അത് രോഹിത് ശർമ തന്നെയാണ്. രോഹിത് ടീമിനൊപ്പം ചേരുന്നതിലുണ്ടായ കാലതാമസം മുൻനിർത്തിയാണ് രണ്ടാം ടെസ്റ്റിൽ പൂജാരയെ ഉപനായകനാക്കിയത്’ – അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

‘ദീർഘകാലമായി ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ രോഹിത് തന്നെയാണ്. വിരാട് കോലിയുടെ അസാന്നിധ്യത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നേതൃസംഘത്തിലും അദ്ദേഹം അംഗമാകുമെന്നത് വ്യക്തമല്ലേ?’ – ബിസിസിഐ പ്രതിനിധി ചോദിച്ചു.

അതേസമയം, രണ്ടാം ടെസ്റ്റിൽ തിളങ്ങിയ ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണറായി രോഹിത് ശർമ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ആദ്യ രണ്ടു ടെസ്റ്റുകളിലും കാര്യമായി തിളങ്ങാതെ പോയ മായങ്ക് അഗർവാളിനു പകരം രോഹിത് ഓപ്പണറാകാനാണ് സാധ്യത. രോഹിത്തിനെ മധ്യനിരയിലാണ് കളിപ്പിക്കുന്നതെങ്കിൽ സ്വാഭാവികമായും ഇതുവരെ തിളങ്ങാത്ത ഹനുമ വിഹാരി പുറത്തുപോകും.

ഇതുവരെ 32 ടെസ്റ്റുകളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ രോഹിത് ശർമ 46നു മുകളിൽ ശരാശരിയോടെ 2141 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ആറു സെഞ്ചുറികളും ഒരു ഇരട്ടസെഞ്ചുറിയുമുണ്ട്. 2019ൽ ദക്ഷിണാഫ്രിക്കയ്‍‌ക്കെതിരെയാണ് രോഹിത് ഇരട്ടസെഞ്ചുറി (212) നേടിയത്.

Related Articles

Back to top button