IndiaLatest

പിഎഫ്‌ വിഹിതം കുത്തനെ ഉയര്‍ത്താതെ മിനിമം പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ല ; – കേന്ദ്രം

“Manju”

സിന്ധുമോൾ. ആർ

മിനിമം പിഎഫ് പെന്‍ഷന്‍ ഉയര്‍ത്തുന്നതിനെതിരായ നിലപാട് പാര്‍ലമെന്റിന്റെ തൊഴില്‍കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും ആവര്‍ത്തിച്ച്‌ മോഡി സര്‍ക്കാര്‍. ജീവനക്കാരില്‍നിന്ന് പ്രതിമാസം പിടിക്കുന്ന പിഎഫ് പെന്‍ഷന്‍ വിഹിതം കുറഞ്ഞത് ആയിരം രൂപയെങ്കിലുമായി ഉയര്‍ത്താതെ മിനിമം പെന്‍ഷന്‍ കൂട്ടാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ തൊഴില്‍കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചു.

നിലവില്‍ ആയിരം രൂപയാണ് മിനിമം പെന്‍ഷനായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും പലര്‍ക്കും ഇത് കിട്ടാത്ത സ്ഥിതിയാണുള്ളത്. മിനിമം പെന്‍ഷന്‍ കൂട്ടണമെന്ന് ട്രേഡ്യൂണിയനുകളും പിഎഫ് പെന്‍ഷന്‍കാരും ദീര്‍ഘനാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. 23 ലക്ഷം പിഎഫ് പെന്‍ഷന്‍കാര്‍ നിലവിലുണ്ട്. പെന്‍ഷന്‍ ഫണ്ടിലേക്കുള്ള മാസവിഹിതം 50–-60 രൂപയാണ്. ഇത് ആയിരം രൂപയെങ്കിലുമായി ഉയര്‍ത്തണം. കുറഞ്ഞത് 10 വര്‍ഷമെങ്കിലും പെന്‍ഷന്‍ വിഹിതം അടയ്ക്കണം. 10 വര്‍ഷം ജോലിയെടുത്തതിനുശേഷം പിഎഫ് പണം പിന്‍വലിക്കാമെന്ന വ്യവസ്ഥ എടുത്തുകളയണം. –- തൊഴില്‍ മന്ത്രാലയം പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു.

രാജ്യത്തെ കോടിക്കണക്കിന് ജീവനക്കാരുടെ അധ്വാനഫലമായ പിഎഫ് പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് നഷ്ടക്കച്ചവടമായതായി തൊഴില്‍ മന്ത്രാലയം പ്രതിനിധികള്‍ കമ്മിറ്റിയെ അറിയിച്ചു. കോവിഡിനെത്തുടര്‍ന്ന് വിപണിയില്‍ ചാഞ്ചാട്ടം അനുഭവപ്പെട്ട ഘട്ടത്തിലും നിക്ഷേപം നടത്തിയതിനെ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങള്‍ വിമര്‍ശിച്ചിരുന്നു. 13.7 ലക്ഷം കോടി വരുന്ന പിഎഫ് നിധിയില്‍ 4600 കോടി രൂപയാണ് ഓഹരിയില്‍ നിക്ഷേപിച്ചിട്ടുള്ളതെന്ന് മന്ത്രാലയം പ്രതിനിധികള്‍ അറിയിച്ചു.

Related Articles

Back to top button