KeralaLatest

ഗുരുപഥങ്ങളിലൂടെ ശാന്തിഗിരിയുടെ അവധൂതയാത്ര ; മെയ് 1 ന് ചന്ദിരൂരിൽ തുടക്കം

“Manju”

ചന്ദിരൂർ (ആലപ്പുഴ) : നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ത്യാഗജീവിതത്തിന്റെ സ്മരണകൾ പേറുന്ന കർമ്മസ്ഥലികളിലൂടെയുള്ള ശാന്തിഗിരിയുടെ അവധൂതയാത്രക്ക് മെയ് 1 ബുധനാഴ്ച ചന്ദിരൂരിൽ തുടക്കമാകും. ഗുരുവിൻ്റെ ജനനം മുതൽ ആത്മീയതയിലെ വിവിധ അനുഭവങ്ങൾ പ്രദാനം ചെയ്ത ഇരുപത്തിയഞ്ച് ത്യാഗഭൂമികകളിലൂടെയാകും അവധൂതയാത്ര കടന്നുപോകുക.

രാവിലെ 5 ന് ചന്ദിരൂർ ജന്മഗൃഹത്തിൽ നിന്നും ആരംഭിച്ച് കാലടി ആഗമാനന്ദാശ്രമം, ആലുവ അദ്വൈതാശ്രമം, ചന്ദിരൂർ കുമർത്തുപടി ക്ഷേത്രം, എഴുപുന്ന ഭജനമഠം തുടങ്ങി ഗുരുവിന്റെ ബാല്യകാലവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഹരിപ്പാടെത്തിച്ചേരും.

മെയ് 2 വ്യാഴാഴ്ച രാവിലെ 7 മണിക്ക് വർക്കല ശിവഗിരിയിലെത്തും. പോത്തൻകോട് ശാന്തിഗിരി ആശ്രമം സ്ഥാപിക്കുന്നതിന് മുൻപ് ദീർഘകാലം ഗുരു വർക്കല ശിവഗിരിയിലും ഉപാശ്രമങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു. ഗുരുവിന്റെ അവധൂത കാലഘട്ടത്തിൽ ശംഖുമുഖം, വലിയതുറ, ബീമാപളളി എന്നിവിടങ്ങളിൽ നിന്നും നിരവധി ആദ്ധ്യാത്മിക അനുഭവങ്ങൾ ഗുരുവിന് ഉണ്ടായി.  ഇവിടെ വെച്ചാണ് ആത്മീയ ഗുരുവായ ഖുറേഷി ഫക്കീറിനെ കണ്ടെത്തുന്നതും കല്ലടി മസ്താനെപ്പോലുള്ള ദിവ്യൻമാരുമായി സമ്പർക്കത്തിലാകുന്നതും. അവധൂത യാത്രാസംഘത്തിന്റെ സഞ്ചാരവും ഈ വഴികളിലൂടെയാകും. വ്യാഴാഴ്ച രാത്രി ബീമാപളളിയിൽ തങ്ങും. ദർശന വൈഭവം തെളിയിച്ചെടുക്കുന്ന മാർഗ്ഗത്തിൽ ഖുറേഷി ഫക്കീർ എന്ന പട്ടാണി സ്വാമിയാടൊപ്പം വലിയ തുറ പാലത്തിനടിയിലും ബീമാപള്ളി പരിസരത്തും ഉടുതുണിക്ക് മറുതുണിയും ആഹാരവുമില്ലാതെ ദിവങ്ങളോളം ഗുരു കഴിഞ്ഞു.

മെയ് 3 വെളളിയാഴ്ച പുലർച്ചെ അവധൂത യാത്ര കന്യാകുമാരിയിലേക്ക് തിരിക്കും. ശിവഗിരിയിലെ 17 വർഷത്തെ സമർപ്പിത ജീവിതത്തിനിടയിൽ ഗുരു കുന്നുംപാറ ആശ്രമത്തിലും അരുവിപ്പുറത്തും കർമ്മചാരിയായി സേവനം ചെയ്തു . ആത്മീയ അന്വേഷണത്തിൻ്റെ നാൾവഴികളിൽ കൊടിതൂക്കിമല, പത്മനാഭപുരം കൊട്ടാരം, കള്ളിയങ്കാട്ട് നീലി ക്ഷേത്രം, കാട്ടുവാ സാഹിബ് മല, ശുചീന്ദ്രം, മരുത്വാമല എന്നിവിടങ്ങളിൽ ഗുരു യാത്ര ചെയ്യുകയും തക്കല കോടതി വളപ്പിൽ അന്തിയുറങ്ങുകയും ചെയ്തിരുന്നു. സത്സംഗങ്ങൾക്ക് വേദിയായ ഈ സ്ഥലങ്ങളിലെല്ലാം അവധൂത യാത്രാ സംഘം സന്ദർശിച്ച് പ്രാർത്ഥനയും സങ്കൽപ്പവും നടത്തും.

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരും ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങളും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗൃഹസ്ഥരുമടക്കം ഇരുന്നൂറോളം പേരാണ് യാത്രസംഘത്തിലുണ്ടാവുക. വൈകുന്നേരത്തോടെ യാത്ര ത്രിവേണിസംഗമത്തിലെത്തും. അന്നേദിവസം കന്യാകുമാരിയിൽ താമസിച്ച ശേഷം മെയ് 4 ശനിയാഴ്ച കേന്ദ്രാശ്രമമായ പോത്തൻകോട്ടേയ്ക്ക് യാത്ര തിരിക്കും.

72 സംവത്സരങ്ങൾ നീണ്ട ഗുരുവിന്റെ ത്യാഗജീവിതത്തിന്റെ അവിസ്മരണീയമായ ഏടുകൾ ഉൾക്കൊളളാനും അതു ലോകത്തിന് മുന്നിൽ പ്രകാശിപ്പിക്കാനുമുളള ശിഷ്യപരമ്പരയുടെ അവധൂതയാത്രയ്ക്ക് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സമർപ്പണമാകും. ഗുരുവിൻ്റെ ആദിസങ്കൽപ്പലയനദിനമായ നവഒലി ജ്യോതിർദിനത്തിന്റെ ഇരുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ചാണ് ത്യാഗനിർഭരമായ അവധൂത യാത്ര നടത്തുന്നത്. മെയ് 6 നാണ് നവഒലി ജ്യോതിർദിനം.

Related Articles

Back to top button